“കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ട്” ; വൈറൽ ഫോട്ടോഷൂട്ടിൽ ദമ്പതികൾക്ക് പറയാനുള്ളത്

0

പലപ്പോളും ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ വീണ്ടും വൈറലായി മാറി കഴിഞ്ഞ ഒരു വിവാഹ ഫോട്ടോഷൂട്ടുണ്ട്. തൃശൂരിലെ വെഡ്ഡിങ് സ്റ്റോറീസ് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ചിത്രത്തെ ആക്ഷേപിച്ചാണ് മിക്ക കമന്റുകളും. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ദമ്പതികളുടെ സമ്മതത്തോടെയാണ് ചിത്രങ്ങൾ തങ്ങളുടെ പേജിൽ പങ്കുവച്ചതെന്ന് ഫോട്ടോഗ്രാഫർ അഖില്‍ കാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു. സേവ് ദ ഡേറ്റ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നതെങ്കിലും വിവാഹത്തിന് ശേഷമാണ് ചിത്രങ്ങൾ പകർത്തിയതെന്ന് ഫോട്ടോഗ്രാഫർ പറയുന്നു.

പരമ്പരാഗത ശൈലിയലുള്ള ചിത്രങ്ങൾ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു ഫോട്ടോഷൂട്ട് പ്ലാൻ ചെയ്തതെന്ന് ഋഷി കാർത്തിക് പറയുന്നു. ചിത്രങ്ങൾ പകർത്തിയ അഖിൽ കാർത്തികേയൻ കുടുംബസുഹൃത്താണ്. വാഗമണ്ണിലായിരുന്നു ഷൂട്ടിംഗ്.

‘‘എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്.”

“ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം.”

“സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം’’– ഋഷികാർത്തിക് വ്യക്തമാക്കുന്നു.

‘‘കൊലപാതകമോ പീഡനമോ പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല. അതു ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരം.

സ്ത്രീയുടെ ശരീരഭാഗം കാണുമ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്. സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്നമാണിത്. അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാൽ പ്രശ്നം തീർന്നു.

ഇഷ്ടമായില്ലെങ്കിൽ സ്ക്രോള്‍ ചെയ്തു പോയാൽ പോരെ. ഇനി തെറി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോ’’– ഋഷിയും ലക്ഷ്മിയും നിലപാട് വ്യക്തമാക്കി.

സെപ്റ്റംബർ 16 ന് ലക്ഷ്മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം. ഒരു മൊബൈൽ ബ്രാൻഡിന്റെ ഡിസ്ട്രിബ്യൂഷൻ മേഖലയിലാണ് ഋഷി കാർത്തിക് ജോലി .ലക്ഷ്മി ഇലക്ട്രോണിസിൽ ഡിപ്ലോമ പൂർത്തിയാക്കി.