പ്രവർത്തിയും പ്രാർത്ഥനയും ഫലിച്ചില്ല ; കുട്ടു യാത്രയായി

0

കുട്ടുവിന്റെ ജീവൻ രക്ഷിക്കാൻ ബാബു എല്ലാം ചെയ്തു പക്ഷേ വിധി മറിച്ചായിരുന്നു. കുമരകം ഇടവട്ടം തെക്കേക്കര ബാബുവിന്റെ വീട്ടിലെ നായയാണ് കുട്ടു. ശനിയാഴ്ച രാത്രി ഏഴിനാണ് സംഭവം. നായയുടെ പതിവില്ലാത്ത കുര കേട്ടാണ് ബാബുവും കുടുംബവും പുറത്തേക്കു നോക്കിയത്. ഈ സമയം വീടിനു സമീപത്ത് അണലിയും കുട്ടുവെന്ന നായയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. പാമ്പിനെ കടിയിൽ നിന്ന് കുട്ടുവിനെ രക്ഷിക്കാൻ വീട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും കുട്ടു പാമ്പിനെ നേരിട്ട് കൊണ്ടിരുന്നു. പാമ്പ് ചത്തെന്നു മനസ്സിലാക്കിയതോടെയാണ് കുട്ടു പിന്മാറിയത്. ഈ സമയം കുട്ടു അവശനായി കഴിഞ്ഞിരുന്നു.

കുട്ടുവിന് പാമ്പിന്റെ കടിയേറ്റു എന്ന് മനസ്സിലായതോടെ വീട്ടുകാർ കോടിമതയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. അവശനായ കുട്ടുവിന് കുത്തിവെപ്പ് നടത്തണമെന്ന് നിർദ്ദേശിച്ചു. 7000 രൂപ മരുന്നിന് വില. കുത്തിവെപ്പ് നടത്തിയ ശേഷം കുട്ടുവിനെ വീട്ടിലേക്ക് കൊണ്ടുവന്നു. രാത്രി പത്തോടെ കുട്ടു എന്നന്നേക്കുമായി യാത്രയായി. പാടശേഖരത്ത് വെള്ളം കയറി കിടക്കുമ്പോൾ വള്ളത്തിലാണ് ബാബുവും കുടുംബവും സമീപപ്രദേശത്ത് പോകുന്നത്. വള്ളത്തിൽ വീട്ടുകാർ കയറുമ്പോൾ കുട്ടുവും ഇവർക്കൊപ്പം യാത്ര ചെയ്യുമായിരുന്നു.