ആണുങ്ങളെ സൃഷ്ടിക്കുന്നവർ… വൈറലായി പോസ്റ്റ്

0

ഇപ്പോൾ എവിടെ നോക്കിയാലും ചർച്ച ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനെ കുറിച്ചാണ്. ഇവിടെയും വില്ലന്മാർ പുരുഷൻ തന്നെ. ചിത്രത്തിന്റെ റിലീസിന് ശേഷം നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നത്. പോസ്റ്റുകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറും ഉണ്ട്. ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കുറിപ്പാണ് ചർച്ചയക്കുന്നത്.

ആഷ ബിനിൽ എന്ന പെൺകുട്ടിയുടെതാണ് കുറിപ്പ്. ഇത്തരം പുരുഷന്മാരെ ഉണ്ടാക്കുന്നതും വളർത്തുന്നതും നമ്മൾ തന്നെ അല്ലേ എന്നാണ് ചോദിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ആണുങ്ങളെ സൃഷ്ടിക്കുന്നവർ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പുറത്തിറങ്ങിയതിന് ശേഷം സ്ത്രീകൾ കുടുംബത്തിൽ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും ബെഡ്റൂമിലെ അലിഖിത പീഡനങ്ങളെ കുറിച്ചുമൊക്കെ ചർച്ചകൾ ധാരാളം കാണുന്നുണ്ട്. എല്ലാത്തിലും വില്ലൻ പുരുഷൻ ആണ്. സ്ത്രീകളുടെ കഷ്ടപ്പാട് മനസിലാകാത്തവർ, അവരെ കാൽക്കീഴിൽ ചവിട്ടി മെതിക്കുന്നവർ, ലൈംഗിക സ്വാതന്ത്രം നിഷേധിക്കുന്നവർ… അങ്ങനെ എന്തെല്ലാം. പക്ഷെ ഇത്തരം “ആണുങ്ങളെ” സൃഷ്ടിക്കുന്നത് ആരാണ്?കുടുംബവും സമൂഹവും തന്നെയാണ് മനുഷ്യന്റെ സ്വഭാവ രൂപീകരണം നടത്തുന്നത് എന്നിരിക്കെ ഒരു വിഭാഗത്തെ മാത്രം അടച്ചാക്ഷേപിക്കുന്നത് ശരിയാണോ?

സിനിമകളും നോവലുകളും സീരിയലുകളുമൊക്കെ മനുഷ്യരെ വല്ലാതെ സ്വാധീനിക്കാറുണ്ട് പലപ്പോഴും. വേട്ടക്കാരൻ ഇരയെ വിവാഹം കഴിച്ചാൽ മതിയല്ലോ, കേസ് കൊടുക്കേണ്ടത് എന്തിനെന്ന് ഞാനും ഒരിക്കൽ ചിന്തിച്ചിരുന്നു.

ഇങ്ങനെ സീരിയലുകളിലും നോവലുകളിലും സിനിമകളിൽ പോലും സ്ഥിരമായി വരുന്ന ഒരു സീനുണ്ട്. കല്യാണം കഴിന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ കുളിച്ചു കുറിതൊട്ട് സാരിയോ നല്ലൊരു ചുരിദാറോ ഒക്കെയിട്ട് അടുക്കളയിലേക്ക് നടക്കുന്ന നായിക. ബാക്ക് ഗ്രൗണ്ടിൽ നായകൻ അപ്പോഴും മൂടി പുതച്ചു കിടന്നു ഉറക്കം ആയിരിക്കും.

അടുക്കളയിൽ ചായയിട്ടുകൊണ്ടിരിക്കുന്ന അമ്മായിയമ്മ “ആഹാ.. മോൾ ഇത്ര നേരത്തെ എഴുന്നേറ്റോ” എന്ന ചോദ്യത്തിനൊപ്പമോ അല്ലാതെയോ മകന് വേണ്ടി ഒരു ഗ്ലാസ് ചായഅവളുടെ കയ്യിൽ കൊടുക്കുന്നു. പല്ലു പോലും തേക്കാത്ത പോത്തുപോലെ വളർന്നവൻ ആണെന്ന് നോക്കണം, ചായ ഉണ്ടാക്കാൻ ഒരാൾ, കൊണ്ടുപോയി കൊടുക്കാൻ മറ്റൊരാൾ. രാവിലെ എഴുനേറ്റ്കുളിച്ചൊരുങ്ങി വന്ന പാവം പെണ്ണിന് ഒരു ഗ്ലാസ് ചൂടുവെള്ളം പോലുമില്ല.

“അവന്റെ കാര്യങ്ങളൊക്കെ ഇനി മോൾ വേണം നോക്കാൻ” എന്ന തേനിൽ പുരട്ടിയ ഡയലോഗാണ് അടുത്തത്. അതിനൊപ്പം ചിലപ്പോൾ “അവനിത്തിരി മുൻകോപം ഉണ്ടെന്നേ ഉള്ളൂ, ആൾ ശുദ്ധനാ” എന്നൊരു മുൻ‌കൂർ ജാമ്യം കൂടി കാണും. എന്നുവച്ചാൽമോശം പാസ്റ്റിന്റെ പേരിലോ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ പേരിലോ അവൻ ചൂടനായി തീർന്നു എന്നും കഴുത്തിലൊരു താലി കെട്ടി എന്ന കുറ്റം കൊണ്ട് അവനിനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഈ മോൾ അതെല്ലാം സഹിക്കണം എന്നും അർഥം.

പത്തിരുപത്താറു വയസായ ഒരു ചെറുക്കന്റെ കാര്യങ്ങളൊക്കെ അവന്റെയത്ര പോലും പ്രായമില്ലാത്ത ഒരു പെണ്ണ് വേണം ഇനിയങ്ങോട്ട് നോക്കാൻ എന്ന് പറയുമ്പോൾ, സ്വന്തം കാര്യം പോലും സ്വയം ചെയ്യാൻ കഴിവില്ലാത്തവർ ആണ് ആണുങ്ങൾ എന്നല്ലേ അതിനർഥം? ഇത് എഴുത്തുന്നവരിൽ അധികവും സ്ത്രീകളും. ബാറ്റൺ കൈമാറുന്നത് പോലെ മകന്റെ കാര്യങ്ങൾ തന്നിൽ നിന്ന് ഏറ്റെടുത്ത് നടത്താൻ ഒരാൾ അല്ല അവന്റെ ഭാര്യ എന്ന് എന്നാണ് മനസിലാക്കുക?

നോവലുകളും കഥകളും നൽകുന്ന മറ്റൊരു മിഥ്യ ധാരണ, പ്രണയത്തിന്റെ പേരിൽ ആണെങ്കിലും ശരീരം വേദനിപ്പിക്കുന്നത് ന്യായീകരിക്കാൻ കഴിയുമെന്നതാണ്. വർധിച്ചു വരുന്ന കലിപ്പൻ കാന്താരി ട്രെൻഡും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. അടിയും ഇടിയും ചീത്ത പറച്ചിലും പ്രണയമാണെന്ന് വിശ്വസിക്കുന്നവർ. ഭർത്താവിന്റെ തല്ല് കൊള്ളാതെ ഉറക്കം വരാത്ത ഭാര്യമാർ. ഇതെല്ലാം തിരുത്തപ്പെടേണ്ടതാണ്.

വിവാഹക്കാര്യത്തിൽ, വിദ്യാഭ്യാസം, ജോലി, സ്വഭാവ മഹിമ, സാമ്പത്തികം എന്നിങ്ങനെ എല്ലാം ഒത്തുചേർന്ന പുരുഷൻ ആണെങ്കിൽ കൂടി, പെണ് കിട്ടാൻ പ്രയാസമാണ്. ഇനി കിട്ടി കഴിഞ്ഞാലോ, “നാട്ടുകാർ മോശം പറയാത്ത വിധത്തിൽ ഇറക്കി വിടണം” എന്ന പെൺ വീട്ടുകാരുടെ ആഗ്രഹം മൂലം അത്യാവശ്യം സ്വർണവും ചിലപ്പോൾ വണ്ടിയോ പറമ്പൊ ഒക്കെയായി വല്യ നഷ്ടമില്ലാത്ത കച്ചവടം ആകും നടക്കുന്നത്. സ്ത്രീധനം നിയമവിരുദ്ധമായതുകൊണ്ട് പണം ഇപ്പോൾ അധികം കൈമാറുന്നില്ല എന്നാണ് എന്റെ ഒരു ഇത്. എന്നാലും, ബാങ്ക് ബാലൻസ് കൊടുക്കാൻ കഴിയുന്ന കുടുംബക്കാർ അതും ചെയ്യാറുണ്ട്.

സ്വർണവും പണവും അങ്ങോട്ട് കൊടുത്തു സ്വന്തമായി കരുതേണ്ട വീട്ടിലേക്ക് കയറി ചെല്ലുന്നതത്ര വലിയ മിടുക്കൊന്നും ആയി തോന്നുന്നില്ല. അതുകൊണ്ട് അതവിടെ നിൽക്കട്ടെ. സ്വന്തമായിരുന്നവയെ എല്ലാം ഉപേക്ഷിച്ചു വന്നു കയറിയവളെ കംഫർട്ടബിൾ ആയി ജീവിക്കാൻ അനുവദിക്കേണ്ട ബാധ്യത ഭർത്താവിന്റെ കുടുംബത്തിനുണ്ട്. വന്നു കയറിയ ദിവസം മുതൽ അവൾ ഉത്തമയായ കുടുംബിനിയും ഭർത്താവിന്റെ കുടുംബത്തെ സ്വന്തമായി കണ്ട് ഈശ്വരതുല്യം പൂജിക്കുന്നവളും വീട്ടുജോലികളിൽ നിപുണയും ആയിരിക്കണം എന്ന് നിർബന്ധം പിടിക്കുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. ഒപ്പം, മകൻ കൈവിട്ട പോകുന്നു എന്ന വീട്ടുകാരുടെ പൊസസീവ്‌നെസ്സും.

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നുണ്ടെങ്കിൽ അതിന് മുൻകൈ എടുക്കുന്നതും കുടുംബത്തിലെ സ്ത്രീകൾ ആണ്. ഒരു പ്രത്യേക മതത്തിൽ മാത്രമല്ല ഈ മാറ്റിനിർത്തൽ നിലവിലുള്ളത്. മറ്റൊരു മുറിയിൽ കിടത്തുന്നില്ല എങ്കിൽ കൂടി, സ്വാഭാവികമായ ഒരു പ്രക്രിയയുടെ പേരിൽ ആരാധനാ സ്വാതന്ത്രം നിഷേധിക്കപ്പെടുന്ന സ്ത്രീകൾ എല്ലാ മതങ്ങളിലുമുണ്ട്. കള്ളനും കൊലപാതകിക്കും പോലും ദൈവസന്നിധിയിൽ പ്രവേശനം ഉണ്ടെന്നിരിക്കെ, സ്ത്രീകൾക്ക് അത് നിഷേധിക്കുന്നത് എന്ത് യുക്തിയാണ്?

വീട്ടുജോലികളുടെ കാര്യമെടുത്താൽ, വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഒക്കെ ആണുങ്ങൾ എങ്ങാനും അടുക്കളയിൽ എന്തിനെങ്കിലും വന്നാലോ, “നിങ്ങൾക്കെന്താ പെണ്ണുങ്ങളുടെ ഏരിയയിൽ കാര്യം” എന്ന് ചോദിച്ച് അവരെ ഓടിച്ചു വിടുന്നതും സ്ത്രീകൾ തന്നെയാണ്. പിന്നെങ്ങനെ ആണുങ്ങൾ നന്നാകും?

ഇനി, മക്കളായി എന്നിരിക്കട്ടെ, മകനും മകളും ഉള്ള വീട്ടിൽ മകൻ കഴിച്ച പാത്രം കഴുകുന്നതും സ്വന്തം മുറി വൃത്തിയാക്കുന്നതും സ്വന്തം വസ്ത്രം അലക്കുന്നതും മോശം കാര്യമായി കാണുന്നത് പ്രധാനമായും അമ്മമാർ ആണ്. ഇനി മകൾ ആണ് ഇവയൊക്കെ ചെയ്യാത്തത് എങ്കിലോ, “വേറൊരു വീട്ടിൽ പോയി കയറേണ്ട പെണ്ണാണ്” എന്ന പാരമ്പതാഗത ഡയലോഗ് ഒന്ന് വീതം മൂന്ന് നേരം കേൾക്കേണ്ടി വരും. പലപ്പോഴും അമ്മയോ സഹോദരിയോ ആയിരിക്കും അവിവാഹിതരായ ആണ്കുട്ടികളുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നത്. അതിപ്പോൾ പ്രായത്തിന് ഇളയതായ അനിയത്തി ആണെങ്കിലും മതി.

മകൾ അമ്മയെ സഹായിക്കുന്നില്ല എന്ന പരാതി പറയുന്ന അമ്മമാർ മകനെ കൊണ്ട്ജോലി ചെയ്യിക്കാൻ തയ്യാറാവുകയും ഇല്ല. ഇതിനൊപ്പം തന്നെ, കറിക്ക് ഉപ്പ് കുറവ്, വീട് വൃത്തിയാക്കിയത് ശരിയായില്ല എന്ന് തുടങ്ങി സ്വന്തം വീട്ടിൽ പോകുന്നതിനടക്കം അച്ഛൻ അമ്മയ്ക്ക് നേരെ പ്രയോഗിക്കുന്ന വെർബൽ അബ്യൂസും കൂടി കണ്ട വളരുന്ന മക്കൾ സ്ത്രീ അടിമയും പുരുഷൻ ഉടമയും എന്ന് ചിന്തിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ.

ഇനി ബെഡ്റൂമിലെ കാര്യം. മറ്റേത് കാര്യത്തിലും എന്നതുപോലെ ദമ്പതികൾക്കിടയിൽ തുറന്ന ചർച്ചകൾ ഇക്കാര്യത്തിലും ആവശ്യമാണ്. താല്പര്യം ഇല്ലെങ്കിൽ ഇല്ലെന്നും, വേദന ഉണ്ടെങ്കിൽ അതും, മറ്റെന്തും പോലെ തുറന്ന് പറയുക തന്നെ വേണം. സിനിമയിൽ പോലും ഫോർപ്ളേ എന്നൊക്കെയുള്ള അന്താരാഷ്ട്ര വാക്കുകൾ കടമെടുക്കാതെ മനുഷ്യന് മനസിലാകുന്ന രീതിയിൽ ഭർത്താവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ബെറ്റർ ആയേനെ എന്നാണ് എനിക്ക് തോന്നുന്നത്. മനസും വായയും തുറന്ന് ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് പലപ്പോഴും സ്ത്രീകൾ എന്റെ വിധിയാണെന്ന് കരുതി സഹിക്കുന്നത്.

രണ്ടുപേരും ജോലിക്ക് പോകുമ്പോൾ പോലും പെണ്ണുങ്ങൾ രാവിലെ എഴുനേറ്റ് വീട്ടുജോലികൾ ചെയ്യുന്നതും ആണുങ്ങൾ കുളിച്ചൊരുങ്ങി ഇറങ്ങാൻ സമയം നോക്കി എഴുനേൽക്കുന്നതും മാറണം. “ഭാര്യയെ അടുക്കളയിൽ സഹായിക്കുന്നു” എന്ന അഭിമാനിക്കുന്ന ഭർത്താക്കന്മാരെ കണ്ടിട്ടുണ്ട്. അടുക്കള ജോലി എന്നാണ് പെണ്ണുങ്ങളുടേത് മാത്രം ആയത്? ഔദാര്യം പോലെ ഒരാൾ ഒരാളെ സഹിക്കുകയല്ല, രണ്ടാളും ഒരുമിച്ചു ജോലി ചെയ്യുകയാണ് വേണ്ടത്. പരസ്പരം സഹായവും സഹകരണവും വേണം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. തിരിച്ചറിവുകൾ കുടുംബങ്ങളിൽ നിന്ന് തുടങ്ങട്ടെ.