അതിരപ്പള്ളി ഇനിയൊരു കവളപ്പാറയോ? പിന്നാലെ ആനക്കയവും; അഴിമതിയെ ചോദ്യം ചെയ്യാൻ ഇവന്റെ ഒറ്റയാൾ പോരാട്ടം

0

ആനക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയില്‍ 20 ഏക്കര്‍ നിബിഡവനത്തില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍. അതീവ സംരക്ഷണപ്രാധാന്യമുള്ളതും പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍പ്പെട്ടതുമായ ഈ പ്രദേശം കാടര്‍ ആദിവാസികളുടെ സാമൂഹ്യ വനാവകാശത്തിന് കീഴിലുമാണ്.

എന്താണ് ആനക്കയം ജലവൈദ്യുത പദ്ധതി?

കേരള ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്നും പുറത്ത് വരുന്ന വെള്ളം, വീണ്ടും ഒരു ടണലിലൂടെയും ടര്‍ബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്.
7.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുത ബോര്‍ഡ് അവകാശപ്പെടുന്നത്. പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് 2018ല്‍ വൈദ്യുത ബോര്‍ഡ് പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഷോളയാറില്‍ നിന്നും ആനക്കയത്തേക്ക് 5 കിലോമീറ്റര്‍ നീളത്തില്‍ മലതുരന്ന് തുരങ്കം നിര്‍മിക്കേണ്ടതുമുണ്ട്.

പദ്ധതിയുടെ ഭാഗമായി വാഴച്ചാല്‍ വനം ഡിവിഷനില്‍പ്പെട്ട 20 ഏക്കര്‍ നിബിഡവനത്തില്‍ നിന്നും 70 സെ.മീ. മുതല്‍ 740 സെ.മീ. വരെ ചുറ്റളവ് ഉള്ള 1897 മരങ്ങളും അതിലധികം ചെറു മരങ്ങളും മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. നവംബര്‍ മാസം ആദ്യത്തില്‍ തന്നെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി മരങ്ങളുടെ സര്‍വേകള്‍ നേരത്തെ തന്നെ നടന്നുകഴിഞ്ഞു.

ആനക്കയം പദ്ധതി ഉപേക്ഷിക്കണം എന്തുകൊണ്ട്?

1. പറമ്പിക്കുളം കടുവ സങ്കേതത്തിലെ ബഫർ സോണിൽ ഉൾപ്പെടുന്നതിനാൽ

2. ആദിവാസി ഊരുകളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ

3. വനാവകാശനിയമത്താൽ രൂപീകൃതമായ സാമൂഹിക വനാവകാശ സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള 400 ച.കി.മി വനഭൂമിയിലെ ആദിവാസികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതിനാൽ

4. വനവിഭവ ശേഖരണം പ്രതികൂലമായി ബാധിക്കുന്നതിനാൽ

5. ഉരുൾപൊട്ടൽ ഭീഷണി ശക്തമായതിനാൽ

6. 20 ഏക്കർ നിബിഡ വനത്തിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതതിനാൽ

7. സ്ഫോടനം നടത്തി 5.5 കി.മീ നീളത്തിൽ മല തുരക്കുന്നതിനാൽ

8. ഒരു മെഗാവാട്ട് വൈദ്യുതിക്കായ് 10 കോടി രൂപ ചെലവ് വരുന്നതിനാൽ

9. അവശേഷിക്കുന്ന കാടുകൾ എങ്കിലും സംരക്ഷിക്കാതെ കേരളം നിലനിൽക്കില്ല എന്നതിനാൽ

10. അഴിമതിയും ധൂർത്തും ഒഴിവാക്കുവാൻ

11. പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കണം എന്നതിനാൽ

12. വനത്തിന്റെ സംരക്ഷകരും അവകാശിലുമായ ആദിവാസികളെ വിശ്വാസത്തിലെടുക്കാതെ പശ്ചിമഘട്ടത്തിലെ പദ്ധതികൾ തീരുമാനിക്കുന്നതിനാൽ

13. കേരളത്തിലെ തണലും ഉറവിടമായ പശ്ചിമഘട്ടം നശീകരണം തുടരുന്നതിനാൽ

14. ഗാഡ്ഗിൽ കമ്മീഷൻ നടപ്പാക്കാത്തതിനാൽ

കാടര്‍ ആദിവാസികള്‍

പ്രകൃതി ദുരന്ത സാധ്യതകൾ ഏറെ

വാഴച്ചാല്‍ വനം ഡിവിഷനിലെ ആനക്കയം വനമേഖല ആനകളും കടുവകളും ഉള്‍പ്പടെയുള്ള സസ്തനികളും മറ്റു വിഭാഗം ജന്തുക്കളും ധാരാളമായി കാണപ്പെടുന്ന സ്ഥലമാണ്. ആനകളുടെയും മത്സ്യങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി ഈ മേഖലകള്‍ വന്യജീവിസങ്കേതമോ ദേശീയോദ്യാനമോ ആക്കിമാറ്റണമെന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ്, ഇന്ത്യ, ഏഷ്യന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്. ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയും പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയ പ്രദേശത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

2018 ല്‍ ആനക്കയത്ത് ഉരുള്‍പൊട്ടിയ സ്ഥലം

2018ലെ പ്രളയ സമയത്ത് വലിയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നടന്ന പ്രദേശം കൂടിയാണ് ആനക്കയം. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന മേഖലകളില്‍ വീടുകള്‍ പോലും നിര്‍മ്മിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നിട്ടും ആനക്കയം പദ്ധതിയുടെ ഭാഗമായി 3.65 മീറ്റര്‍ വ്യാസവും 5167 മീറ്റര്‍ നീളവുമുള്ള തുരങ്കം സ്‌ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരന്ന് നിര്‍മിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ച വാഴച്ചാല്‍ വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ആനക്കയത്തിന്റെ സംരക്ഷണവും പരിപാലനവും അവരുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നിരിക്കെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ കാട് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റത്തെ നിയമ വിരുദ്ധതയാണ്, നീതി നിഷേധമാണ്. . കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 150 കോടി മുടക്കി കാടുമുടിച്ച്, കാടരുടെ അവകാശം നിഷേധിച്ച് വില കൂടിയ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് പൊതുപണത്തിന്റെ ദുരുപയോഗവും അനീതിയുമാണ്.

ആനക്കയം ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യത്തിനായി സൈക്കിൾ യാത്ര ആരംഭിച്ചിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തന കൂട്ടായ്മ ഫ്രണ്ട്‌സ് ഓഫ് നേച്ചർ പ്രവർത്തകൻ ശാക്കിർ ഞാണിക്കടവ്.

പരിസ്ഥിതി വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ  നടത്തിവരുന്ന പ്രായവ്യത്യാസം കൂടാതെ ഒന്നിച്ച് ഒരുമനസോടെ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഫ്രണ്ട്‌സ് ഓഫ് നേച്ചർ.

ജനങ്ങളെ ബോധവൽക്കരിക്കാൻ എന്തുചെയ്യുമെന്ന് ചർച്ചയ്ക്കിടെയാണ് സൈക്കിളിൽ കേരള പര്യടനം എന്ന ആശയം ഉദിച്ചതെന്നും അതിനായി ശാക്കിർ സ്വയം സന്നദ്ധനാക്കുകയായിരുന്നെന്നും ഫ്രണ്ട്സ് ഓഫ് നേച്ചർ പ്രവർത്തകർ പറയുന്നു.

നവംബർ 19ന് കാസർകോട്-കാഞ്ഞങ്ങാട് നിന്നാണ് ശാക്കിർ സൈക്കിൾ യാത്ര ആരംഭിച്ചത്. നവംബർ 27 ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.

ഗ്രീൻ സൈക്ലോതൻ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര ഒരു ചെറുപ്പക്കാരന്റെ ഒറ്റയാൾ പോരാട്ടമാണ്. കൂടെ കൂടാൻ സന്നദ്ധരായവർക്ക് ശാക്കിറിനൊപ്പം കൂടാം. അല്ലെങ്കിൽ നമുക്ക് ശാക്കിറിനെ  സ്വീകരിക്കാം…. അങ്ങനെ നമുക്കും പ്രതിഷേധത്തിന്റെ ഭാഗമാകാം.

Day- 1 (19-11-2020)Thursday
KANHANGAD – PAZHANGADI

day -2  (20-11-2020)Friday
PAZHANGADI – VADAKARA

day -3 (21-11-2020)Saturday
VADAKARA- KARIPUR

day -4  (22-11-2020)Sunday
KONDOTTY-
Malappuram – 8.00
Angadippuram – 10.30
Perinthalmanna – 11.00
PATTAMBI – 5 PM
Arangottukara – 6.00

day -5 (23-11-2020)Monday
ARANGOTTUKARA-
THRlSSUR – 11.30-
CHALAKKUDI – 5.00
ANGAMALY –

day -6  (24-11-2020)Tuesday
ALUVA – 9.00
ERANAKULAM – I l.30 CHERTHALA – 5.00

day -7  (25-11-2020)Wednesday
CHERTHALA-  KARUNAGAPPALLY

day -8  (26-11-2020)Thursday
KARUNAGAPPALLY

day -9  (27-11-2020)Friday
KARUNAGAPPALLY- THIRUVANANTHAPURAM

കാസർകോഡ് ഞാണിക്കടവ് സ്വദേശികളായ ഖാദർ, സൈനബ ദമ്പതികളാണ് ശാക്കിറിന്റെ മാതാപിതാക്കൾ. അഷ്കർ, അഷ്റഫ്, ഷംസീർ ,നൗഷാദ് തുടങ്ങിയവർ ജേഷ്ഠ സഹോദരന്മാരാണ്.

അറബി കോളേജ് പഠനത്തിനുശേഷം ചെറുവത്തൂരിൽ  മദ്റസയിലും സ്കൂളിലും അധ്യാപനം നടത്തുന്നു. അതോടൊപ്പം പരിസ്ഥിതി പ്രവർത്തനത്തിലും സജീവമാണ് ശാക്കിർ.