പ്രേക്ഷക ഹൃദയത്തിൽ കയറി കൂടി ഹൃദയം മികച്ച പ്രേക്ഷക പ്രതികരണം….

0

നിങ്ങൾക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഓർക്കാനിഷ്ടപ്പെടുന്ന കാലമേതെന്ന് ചോദിച്ചാൽ കലാലയ കാലം എന്നുപറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കാരണം ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ കലാലയങ്ങൾ വഹിക്കുന്ന പങ്ക് അത്ര വലുതാണ്. അധ്യാപകരും സൗഹൃദങ്ങളും പ്രണയവുമെല്ലാം അതിന് ഉപോൽബലമാകുന്നു. അങ്ങനെയൊരു കലാലയം അരുൺ എന്ന ചെറുപ്പക്കാരനെ എങ്ങനെ വാർത്തെടുത്തു എന്നാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പറയുന്നത്.

ഏറെ സ്വപ്നങ്ങളുമായി ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജിൽ പഠനത്തിനെത്തുന്ന അരുൺ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം. അരുണിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ക്യാംപസ് ജീവിതത്തിനെ വർണാഭമാക്കുന്ന സൗഹൃദവും പ്രണയവും തന്നെയാണ് ഹൃദയത്തിന്റേയും കാതൽ. അരുണിന്റെ കാര്യമെടുത്താൽ ഈ രണ്ട് ഘടകങ്ങളാണ് സ്വന്തം ജീവിതവും ഭാവിയും എങ്ങനെയാവണമെന്ന് തീരുമാനിക്കാൻ അവനെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കൾ പോലും പിന്നെയേ വരുന്നുള്ളൂ.

ക്യാംപസ്, സൗഹൃദം, അരുൺ, ദർശന എന്നീ നാലുഘടകങ്ങളില്ലാതെ ഒരു ഫ്രെയിം പോലും ഹൃദയത്തിൽ കാണാനാവില്ല. അരുണിന്റെ ജീവിതത്തിലെ നിർണായകഘട്ടങ്ങളിലെല്ലാം ഇക്കാര്യങ്ങൾ കാണാനാവും. ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ചിത്രം. ക്ലാസ് റൂം രംഗങ്ങളിലും പ്രണയ രംഗങ്ങളിലും എന്തിന് നായകനായ അരുൺ മാസ് കാണിക്കുന്നതിൽപ്പോലും ആ ഒരു സംഗതി കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ മുൻ ചിത്രമായ തട്ടത്തിൻ മറയത്തിൽ നായകന് തട്ടമായിരുന്നു വീക്ക്നെസ്സെങ്കിൽ ഇവിടെ മുടിയഴിച്ചിടുന്നതിനോടാണ് താത്പര്യം.