മമ്മൂട്ടിയുടെ സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ കഥ അതിൽ അഭിനയിക്കുന്നവർക്ക് പോലും അറിയില്ല എന്ന് വെളിപ്പെടുത്തലുമായി നടൻ സുദേവ് നായർ….

0

മലയാള സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിനിമയുടെ കഥയെക്കുറിച്ച് യാതൊരു വാർത്തയും നാൾ ഇന്നുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ ആരാധകർ വലിയ ആകാംക്ഷയിലുമാണ്. എന്നാൽ സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കൾക്ക് പോലും സിനിമയുടെ കഥയെക്കുറിച്ച് വ്യക്തമായി അറിയില്ല എന്നാണ് നടൻ സുദേവ് നായർ പറയുന്നത്. സിബിഐ അഞ്ചാം ഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സുദേവ് നായർ അഭിനയിക്കുന്നത്. താൻ ഉൾപ്പടെയുള്ള നടൻമാർക്ക് രംഗങ്ങൾ മാത്രമാണ് പറഞ്ഞു കൊടുക്കുന്നത് എന്നും അതിന് അനുസരിച്ച് അഭിനയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നലകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.

‘വളരെ രസകരമായ സെറ്റ് തന്നെയാണ്, എന്നാൽ കഥ എന്താണ് എന്നതിനെക്കുറിച്ച് അഭിനേതാക്കൾക്ക് പോലും ഒരു സൂചനയും ഇല്ല. സീനുകളിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങളോട് പറയും, ഞങ്ങൾ അത് ചെയ്യും. ചില സമയങ്ങളിൽ, ശരിയുടെ പക്ഷത്താണെന്നും മറ്റ് ചില സമയങ്ങളിൽ, തെറ്റിന്റെ പക്ഷത്താണെന്നും തോന്നും!’, സുദേവ് നായർ പറഞ്ഞു.സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം.

സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.