അമ്മയുടെ തെരെഞ്ഞെടുപ്പിൽ താന്‍ മത്സരിക്കുന്നത് പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും തന്നെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സുഹൃത്തുക്കളെ പലരും വിളിച്ചുവെന്നും ഷമ്മി തിലകന്‍ ….

0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകന്‍. പലപ്പോഴും തന്റേതായ അഭിപ്രായങ്ങളും മറ്റും തുറന്ന് പറയാന്‍ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല. ഇപ്പോള്‍ അമ്മയില്‍ ഡിസംബറില്‍ നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയ കാര്യം പറഞ്ഞിരിക്കുകയാണ് അദ്ദേഹം. താന്‍ മത്സരിക്കുന്നത് പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും. തന്നെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സുഹൃത്തുക്കലെ പലരും വിളിച്ചുവെന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഷമ്മി തിലകന്റെ കുറിപ്പ്, അമ്മയുടെ ‘മക്കള്‍’ നമ്മള്‍; ‘അച്ഛന്റെയും’ പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന..; സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന..; തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും..; ശരി ചെയ്താല്‍ ശരിയെന്നും അംഗീകരിക്കുന്ന..; ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍. താര സംഘടനയായ ‘അമ്മ’യില്‍ ഡിസംബര്‍ 19-ന് നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്..! മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നു..!

ഒപ്പം, ‘അദ്ഭുതങ്ങള്‍’ അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് ‘ചിലര്‍’ ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ സ്നേഹിതരായ ചില അംഗങ്ങള്‍ ദുഃഖത്തോടെ വെളിപ്പെടുത്തി. ചില ‘വേണ്ടപ്പെട്ടവര്‍’ ഒന്നുംപറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. ‘കമ്പിളിപ്പുതപ്പ്…കമ്പിളിപ്പുതപ്പ്…’ എന്നു പുലമ്പി ചിലര്‍. മറ്റുചിലര്‍ ”ഷമ്മി, എന്നെ ഓര്‍ത്തല്ലോ” എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു.

എന്നാല്‍..; എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്‌നേഹിതര്‍ പിന്തുണ നല്‍കി , ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു. ‘ജനാധിപത്യ ബോധം’ എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിഷനേഷന്‍ സമര്‍പ്പിക്കുന്നത്. ആരു ‘തള്ളി’യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..! ആരോടും പരിഭവമില്ല..! പിണക്കവുമില്ല.. ഒരു സംശയം മാത്രം.., മനുഷ്യനെ കണ്ടവരുണ്ടോ… ”ഇരുകാലി മൃഗമുണ്ട്..; ഇടയന്മാര്‍ മേയ്ക്കാനുണ്ട്…; ഇടയ്ക്കു മാലാഖയുണ്ട്…; ചെകുത്താനുമുണ്ട്…!” മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല..” മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?