ശ്രീനി എപ്പോഴും അപ്ഡേറ്റഡ് ആണ്. സിനിമയെ കച്ചവടമായി കാണുന്ന ഒരാളല്ല അദ്ദേഹം. ശ്രീനിവാസനെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു.

0

മലയാളത്തിന്റെ പ്രിയ നടനും, എഴുത്തുകാരനും ഒക്കെയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ജന്മദിനമാണിന്ന്. മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കുടുംബ പശ്ചാത്തലത്തിലുള്ള  സിനിമകളിലൂടെയാണ് സത്യൻ അന്തിക്കാട് ശ്രദ്ധിക്കപ്പെടുന്നത്. സത്യൻ അന്തിക്കാടിന്റെ ആ മികച്ച ചിത്രങ്ങളിൽ പലതിനും തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയപ്പെട്ട ശ്രീനിവാസൻ തന്നെയാണ്. പ്രിയപ്പെട്ട സുഹൃത്തുക്കൾ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ പലതരത്തിൽ ഊട്ടിയുറപ്പിക്കാൻ കഴിയുന്ന  ആത്മബന്ധമാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ളത്. ഇന്നും മലയാളികൾ കാണുമ്പോൾ ഒട്ടും മടുപ്പ് തോന്നാത്ത തരത്തിലുള്ള ചിത്രങ്ങളാണ് ഈ കൂട്ടുകെട്ട് ഒരുമിച്ച്പ്പോഴൊക്കെ ലഭിച്ചിട്ടുള്ളത്. അതായത് ഒരിക്കലും മടുപ്പിക്കാത്ത എവർഗ്രീൻ ഹിറ്റുകൾ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രം ഒരുക്കിയതിന് ശേഷം ഈ കൂട്ടുകെട്ട് വലിയൊരു ഇടവേളയിൽ ആയിരുന്നു. പിന്നീട് തിരിച്ചെത്തിയത് 16 വർഷങ്ങൾക്കു ശേഷം ആയിരുന്നു. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചു. അന്ന് ആ സിനിമയുടെ റിലീസ് വേളയിൽ ശ്രീനിവാസനെ കുറിച്ച് സത്യൻ അന്തിക്കാട് ചില കാര്യങ്ങൾ പറയുകയുണ്ടായി. ശ്രീനിവാസന്റെ ജന്മദിനത്തിൽ ആ വാക്കുകൾ ഇപ്പോൾ ഓർത്തെടുക്കുകയാണ് സോഷ്യൽ മീഡിയ. അന്ന് അഭിമുഖത്തിൽ  സത്യൻ അന്തിക്കാട് പറഞ്ഞത് ഇങ്ങനെയായിരുന്നു  ;

16 വർഷത്തെ ഇടവേള ഞങ്ങൾക്കിടയിൽ എങ്ങനെ സംഭവിച്ചെന്ന് ഇപ്പോഴും അറിയില്ല. ശ്രീനി ഒരിക്കലും സിനിമയെ കച്ചവടമായി കാണുന്ന ഒരാൾ അല്ല. ഇപ്പോഴും തിരക്കഥ എഴുതുമ്പോൾ  ഞാൻ എഴുതിയാൽ ശരിയാകുമോ എന്ന ഭയം അദ്ദേഹത്തിനുണ്ട്. ശരിക്കും പറഞ്ഞാൽ പദ്മരാജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ  പച്ചയായ ജീവിതത്തെ സ്പർശിച്ച കഥയെഴുതുന്ന ഒരാൾ ശ്രീനിവാസനാണ്. ശ്രീനിവാസൻ എപ്പോഴും അപ്ഡേറ്റഡ് ആണ്. അദ്ദേഹം സമൂഹത്തെ നന്നായി നിരീക്ഷിക്കുകയും പത്രവായനയും ഒക്കെയുണ്ട്. എന്നെക്കാൾ കൂടുതൽ വായനാശീലമുള്ളത് ശ്രീനിക്കാണ്. ശ്രീനി ഒരിക്കലും വാരിവലിച്ച് പടങ്ങൾ ചെയ്യുന്ന ഒരാളല്ല. ഒരു സീനിനെ ഒരു എഴുത്തുകാരനും, സംവിധായകനും കാണുന്നത് രണ്ടുവിധത്തിലാണ്. ഇപ്പോൾ ഉദാഹരണത്തിന് പറയുകയാണെങ്കിൽ ഒരു പ്രണയ രംഗം പെൺകുട്ടിയോട് അവതരിപ്പിക്കുമ്പോൾ പല എഴുത്തുകാർക്കും പല രീതി ഉണ്ടാവും. ശ്രീനിവാസന്റെ രീതിയിൽ പക്ഷേ അതിന്റെ തുടക്കമൊക്കെ വ്യത്യസ്തമാകും.

ശ്രീനിവാസൻ തിരക്കിൽ ആയപ്പോൾ, വിനോദയാത്ര എന്ന ചിത്രത്തിന് ഞാൻ തന്നെ തിരക്കഥ എഴുതേണ്ടി വന്നു. അത് പിന്നെ ഭാഗ്യദേവത ക്കും, രസതന്ത്രത്തിനും ഒക്കെ എഴുതേണ്ടി വന്നു. അങ്ങനെ അഞ്ചാറു പടങ്ങൾ സ്വയം ചെയ്യേണ്ടിവന്നു. തന്റെ സിനിമയിൽ വേറൊരു എഴുത്തുകാരനെ കൂടി സംഭാവന വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾ ഫ്രീ ആകുമ്പോൾ വാ, നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാം എന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്. അങ്ങനെയാണ് ഞാൻ പ്രകാശൻ ഉണ്ടാക്കുന്നത്. വളരെ പെട്ടെന്ന് കയറി വന്ന ഒരു കഥയായിരുന്നു അത്. സത്യൻ അന്തിക്കാട് പറയുന്നു.