ആ ഒരൊറ്റ സീൻ, അതു മാത്രം മതി അവർ തമ്മിലുള്ള കെമിസ്ട്രി നമ്മൾക്ക് മനസ്സിലാവാൻ. ജൂൺ സിനിമയിൽ നിങ്ങൾ അധികം ശ്രദ്ധിക്കാതെ പോയ ഒരു സൗഹൃദകഥ..

0

സ്കൂൾ കാലഘട്ടം പറഞ്ഞു പോകുന്ന സിനിമകളിൽ ഇന്നും പലരുടെയും ഫേവറേറ്റ് ലിസ്റ്റിൽ ഉള്ള ചിത്രമാണ് ജൂൺ. രജിഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ, പ്രശംസിക്കാതെ പോയ ഒരു സൗഹൃദത്തെ പറ്റി പറയുകയാണ് ആർവ് അഞ്ചൽ എന്ന യുവാവ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം..

ജൂൺ സിനിമ കാണുമ്പോഴെല്ലാം ജൂണിനോടൊപ്പമൊ അതിൽ കൂടുതലോ ഇഷ്ട്ടം തോന്നിയിട്ടുള്ള ഒരു കഥാപാത്രമുണ്ട്..!! Arm Wrestling ചാമ്പ്യനാണ് എന്ന് പറയുന്ന തന്നെ നോക്കി കായികമായി ആണിന് തന്നെയാണ് മേൽകൊയ്മ എന്ന സ്ഥിരം പൊതുബോധം പേറി ഒരു പുച്ഛ ചിരി പാസാക്കുന്നവനെ വെല്ലുവിളിച്ച് തോൽപ്പിക്കുന്ന,

കൂട്ടുകാരിയുടെ കയ്യിൽ കയറി പിടിച്ചവനെ തല്ലാൻ മുന്നിൽ തന്നെ ഓടിയെത്തി ആദ്യം കൈവെക്കുന്ന, മുറിയിൽ അംബേദ്കറിന്റെ ഫോട്ടോ സൂക്ഷിക്കുന്ന, ആദ്യ കണ്ടുമുട്ടൽ മുതൽ സിനിമയുടെ അവസാനം വരെ ജൂണിനൊപ്പം അവളുടെ സന്തോഷത്തിലും ദുഃഖത്തിലും പ്രണയത്തിലും പ്രണയ നഷ്ട്ടത്തിലുമൊക്കെ ചേർന്നു നിന്ന മൊട്ടച്ചി എന്ന് സുഹൃത്തുകൾ വിളിക്കുന്ന അഭിരാമി നാരായണൻ എന്ന കഥാപാത്രം.

അഭിരാമി സിനിമയിൽ താരതമ്യേനെ വളരെ കുറച്ചു സീനുകളിൽ മാത്രമേ പ്രത്യക്ഷപെടുന്നുള്ളൂ. പക്ഷേ അഭിരാമി ജൂണിന് വേണ്ടുമ്പോഴെല്ലാം കൂടെയുണ്ട് താനും. ജൂണിന്റെ പ്രണയത്തിന് ചുക്കാൻ പിടിക്കുമ്പോൾ, അവളുടെ പ്രണയം അവസാനിക്കുമ്പോൾ, അവൾ കരയുമ്പോൾ കെട്ടിപ്പിടിക്കാൻ, അവളുടെ വിവാഹത്തിന് മേക്കപ്പ് ചെയ്യിക്കാൻ, അങ്ങനെ അങ്ങനെ ജൂണിന് വേണ്ടുമ്പോഴെല്ലാം അഭിരാമിയും അവളുടെ സൗഹൃദവും അവിടെ തന്നെയുണ്ട്.

സിനിമയിൽ ജൂണിന്റെ പ്രണയം തകർന്ന് നിൽക്കുന്ന സമയത്തുള്ള ഒരു സീനുണ്ട്,
അടുക്കളയിൽ പോയിനിന്ന് ഒരു ചെറിയ കത്തിയും കയ്യിലെടുത്തു കൈ മുറിക്കാൻ ഒരുങ്ങി നിൽക്കുന്ന ജൂണിനെ കണ്ടു കൊണ്ട് വരുന്ന അഭി. അവിടെ അഭി ഒരു പൊട്ടിതെറിക്കലിനോ വഴക്ക് പറയിലിനോ ഒരു ഉപദേശത്തിനോ ഒന്നും നിൽക്കുന്നില്ല. അടുക്കളയിൽ നിന്ന് കുറച്ചു കൂടി വലിയൊരു കത്തി എടുത്ത് ജൂണിന്റെ കയ്യിൽ പിടിപ്പിച്ച് ഒരു നോട്ടവും നോക്കി ഒറ്റ പോക്കാണ്.
ആ നോട്ടത്തിൽ അഭിക്ക്‌ പറയാനുള്ളതെല്ലാം പറയുന്നു, ജൂണിന് അത് കൃത്യമായി മനസിലാവുകയും ചെയ്യുന്നു. ആ ഒരൊറ്റ നോട്ടം കൊണ്ടുള്ള കമ്മ്യൂണിക്കേഷൻ,
ആ ഒരൊറ്റ സീൻ, അതു മാത്രം മതി അവർ തമ്മിലുള്ള കെമിസ്ട്രി നമ്മൾക്ക് മനസ്സിലാവാൻ.

പലപ്പോഴും നമ്മൾക്ക് കൂടെയുണ്ടാവാതെ പോവുന്നതും കൂടെയുണ്ടാവേണ്ടതും അങ്ങനെയൊരു സൗഹൃദമാണ്.
നമ്മുടെ എല്ലാ രഹസ്യങ്ങൾക്കും കൂട്ട് നിൽക്കുന്ന, എപ്പോൾ വേണമെങ്കിലും ഓടി ചെന്നു കയറാനും കെട്ടിപിടിക്കാനും കഴിയുന്ന, ഓരോ നോട്ടങ്ങളും കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്ന, പഴകും തോറും തമ്മിൽ മടുക്കാതെ വീഞ്ഞിനെ പോലെ വീര്യം കൂടുന്ന ചില സൗഹൃദങ്ങൾ.

അങ്ങനെ ഒരുപാട് പേരൊന്നും വേണമെന്നില്ല, സിനിമയുടെ അവസാനം ജൂണിന്റെ മൂന്ന് പ്രണയങ്ങളെയും അവൾക്ക്‌ എണ്ണി കാണിച്ചു കൊടുത്തു ഒരു ചിരിയും ചിരിച്ചു സർവ്വ രഹസ്യങ്ങളുടെയും കാവൽക്കാരിയായി നിൽക്കുന്ന അഭിരാമിയെ പോലെ ഒരാൾ തന്നെ ധാരാളമാണ്..!!