നിനച്ചിരിക്കാത്ത നേരത്തുള്ള ചില സർപ്രൈസുകൾ, ഏറ്റവും ആഗ്രഹിച്ചിരിക്കുന്ന നേരത്തുള്ള ചില ചേർത്ത് പിടിക്കലുകൾ.. അവർ ഇതറിയണം..

0

ഏറ്റവും പ്രിയപ്പെട്ട മനുഷ്യരിലാർകെങ്കിലും അവർക്ക് അത്രയും പ്രിയപ്പെട്ട കുഞ്ഞു കാര്യങ്ങൾ സമ്മാനിച്ചിട്ടുണ്ടോ.. നിനച്ചിരിക്കാത്ത നേരത്തുള്ള ചില സർപ്രൈസുകൾ… ഏറ്റവും ആഗ്രഹിച്ചിരിക്കുന്ന നേരത്തുള്ള ചില ചേർത്ത് പിടിക്കലുകൾ.. ആ നിമിഷങ്ങളിൽ അവരുടെ കണ്ണുകളിൽ വരുന്ന തിളക്കത്തോളം സുന്ദരമായ മറ്റൊരു കാഴ്ച വേറെ ഉണ്ടായെന്നു വരില്ല.. എവിടെയോ കേട്ട പോലെ അപ്പൊ നമ്മളും അവരിലേക്ക് മാറുകയാണ്.. വിലമതിക്കാനാവാത്തതായി ചേരുകയാണ്.

Life on the Rocks എന്ന കുഞ്ഞു ഷോർട് ഫിലിം സംസാരിക്കുന്നതും അത്രയും പ്രിയപ്പെട്ട ചെറിയ നിമിഷങ്ങളെ കുറിച്ചാണ്.. നിസാരമെന്ന് മറ്റൊരാൾക്ക്‌ തോന്നാവുന്ന വലിയ ചെറിയ കാര്യങ്ങളെ കുറിച്ച്.. ഭാര്യ വീട്ടിലില്ലാത്ത ദിവസമുള്ള ഒരു ചെറിയ പാർട്ടി.. സുഹൃത്തുക്കൾ, മദ്യം.. അത്രയും സാധാരണമായ ഒരു പരിസരത്ത് നിന്ന് കൊണ്ട് ഷോർട് പറഞ്ഞു വയ്ക്കുന്നത് കേൾക്കേണ്ടുന്ന വിഷയത്തെ കുറിച്ചാണ്..പാതിയടഞ്ഞ അലമാര കതകിലെ ചിത്രങ്ങൾ പോലെ ഒരു കൂരയ്കടിയിൽ എങ്കിലും ഇരുധ്രുവങ്ങളിലായിപോകുന്ന മനുഷ്യരെ കുറിച്ച്.. നിസാരമറവികളെ കുറിച്ച്.. അതുണ്ടാക്കുന്ന മുറിവുകളെയും കുറ്റബോധങ്ങളെയും കുറിച്ച്…

അതിസാധാരണമായ തുടക്കത്തിൽ നിന്നും ഏച്ചുകെട്ടലില്ലാതെ മാറുന്ന സഡൻ ഷിഫ്റ്റ്‌.. തെല്ലൊരമ്പരപ്പും, ഞെട്ടലും, നെടുവീർപ്പും ഒടുവിൽ അറിയാതെ നിറയുന്ന കണ്ണുകളും.. അച്ചടക്കമുള്ള അവതരണവും അസാധ്യ പ്രകടനങ്ങളും ചേർന്ന ആ ഇരുപത് മിനിട്ടുകൾ.. കണ്ടിരിക്കേണ്ടതാണ് Life on the Rocks..

ജീവിക്കാനും സ്നേഹിക്കാനും മറന്ന് പോകുന്ന നാമുൾപ്പെടുന്ന ചില മനുഷ്യർ..ഈ കാണുന്ന നിമിഷം മാത്രമേ നമുക്കുള്ളു.. ചേർന്നിരിക്കാം.. ചേർത്ത്പിടിക്കാം.. ഒന്നുകൂടെ കൂടെയുള്ള ആ ആളെ ഒന്ന് കേട്ട് നോക്കു.. അയാൾ നിങ്ങളോട് എന്തോ പറയാതെ പറയുന്നില്ലേ….!!