ഉറങ്ങി എണീറ്റ ഉടനെ നിങ്ങൾ പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷിന്റെ കളർ എന്താണെന്ന് ഒന്നോർത്ത് നോക്കിയേ.. വൈറൽ ആകുന്ന കുറിപ്പ്..

0

ചില കാര്യങ്ങൾ ചെയ്യാൻ വിട്ടു പോകുമ്പോൾ മറവിയുടെ തലയിലിട്ട് Scoot ആകുന്നവരാണ് നമ്മളിൽ പലരും. അല്ലെങ്കിലും ചെറിയ തോതിൽ മറവി ഇല്ലാത്തവരായി ആരാണുളളത്!! വീട്ടു സാധനങ്ങൾ വാങ്ങാൻ മറക്കുന്ന അച്ഛനും, കരിഞ്ഞ് മണക്കുമ്പോൾ മാത്രം അടുപ്പത്ത് എന്തേലും വച്ചിട്ടുണ്ടെന്ന് ഓർക്കുന്ന അമ്മയും, ചില സമയം എന്തിനാണ് റൂമിലേക്ക് പോയതെന്ന് ആലോചിച്ചിരിക്കുന്ന നമ്മളും ആ ലിസ്റ്റിൽ പെടും. നമ്മളെന്നും എഴുന്നേൽക്കുന്നു, പല്ലു തേക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു.

എന്നാൽ എന്നും ഉറങ്ങി എണീറ്റ ഉടനെ നിങ്ങൾ പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷിന്റെ കളർ എന്താണെന്ന് ഒന്നോർത്ത് നോക്കിയേ.. ഇതു വായിക്കുന്ന കുറച്ചു പേരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാകും. പേടിക്കേണ്ടാ… മാരകമായ അസുഖമൊന്നുമല്ല!! എന്നാൽ വളരെ നിസാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ, നിസാരമല്ലാത്ത പ്രശ്നക്കാരാകുന്നത് എപ്പോഴാണ്??

വാർദ്ധക്യ രോഗങ്ങളിൽ പ്രധാനിയാണ് മറവിരോഗം എന്ന് നമ്മൾ സാധാരണക്കാർ വിളിക്കുന്ന അൽഷിമേഴ്സ്. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന ഈ അവസ്ഥയെ തന്മാത്ര എന്ന ചിത്രത്തിൽ എത്ര ഹൃദയ സ്പർശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ. തുടക്കത്തിൽ തോന്നിയ മറവി അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഓഫീസ് ഫയൽ ഫ്രിഡ്ജിൽ വച്ചും, Scooty മറന്ന് വച്ച് ഓട്ടോയിൽ യാത്ര ചെയ്യ്തും, സ്ഥിരമായി യാത്ര ചെയ്യുന്ന വഴി മറന്നും, വീടാണെന്ന് കരുതി ഓഫീസിൽ പെരുമാറുകയും ചെയ്തപ്പോൾ രോഗത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കുന്നത് നമുക്ക് വ്യക്തമായിരുന്നു.

ചിത്രത്തിൽ പറയുന്നതു പോലെ ഇങ്ങനെ കണ്ടും കേട്ടും പഠിച്ചുമൊക്കെ നേടിയെടുത്ത അറിവുകളും സ്ഥാനമാനങ്ങളും ബുദ്ധിയുമൊക്കെ നമ്മളറിയാതെ ഒരു ദിവസം അങ്ങ് തിരിച്ചെടുക്കുവാ! ഈ കടല് തിരയെ തിരികെ വിളിക്കുന്നതുപോലെ, അവസാനം പഠിച്ചത് ആദ്യവും, ആദ്യം പഠിച്ചത് അവസാനവുമായി മറന്നു പോകുവാ!

ഇവിടെ രോഗിക്കല്ല ചികിത്സ വേണ്ടത്, രോഗിയെ ചികിത്സിക്കുന്നവർക്കാണ്. കാരണം ഈ രോഗം കൊണ്ടുണ്ടാകുന്ന വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്നത്, രോഗിയെ ശുശ്രൂഷിക്കുന്നവരാണ്. ഒന്നാലോചിച്ച് നോക്കൂ.. നമ്മളിന്ന് കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നതെല്ലാം പെട്ടെന്നൊരു ദിവസം പരിചയമില്ലാതാകുന്ന, അച്ഛനേയും അമ്മയേയും കൂടപിറപ്പിനേയും കൂട്ടുകാരെയും തിരിച്ചറിയാനാകാത്ത, ആയുസ്സിൽ ഹൃദയമിടിപ്പ് മാത്രം ശേഷിക്കുന്ന, ആ അവസ്ഥ!!