തുളസിക്കതിർ ചൂടിയ ഗ്രാമീണ പെൺകൊടിയിൽ നിന്ന് ഒരു മദാമ്മ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ കുട്ടനെ പ്രാപ്തൻ ആക്കിയത് ആ കാരണമായിരുന്നു. കുറിപ്പ്..p

0

ചിലരങ്ങനെയാണ്.. അവർ ആരാണെന്നത് ആദ്യകാഴ്ചയിൽ പൂർണമായി ഗ്രഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.. ബാംഗ്ലൂർ ഡെയ്‌സിൽ കുട്ടന്റെ അച്ഛൻ എനിക്കത്തരത്തിൽ ഒരാൾ ആയിരുന്നു.. അത്രയും പ്രിയപ്പെട്ട സിനിമയിൽ ഏറ്റവും കൂടുതൽ ഞാൻ കണക്ട് ചെയ്ത വ്യക്തി കുട്ടനായിരുന്നു.. ദാസ് നടാഷയുടെ ഓർമ്മകൾ മാത്രമുള്ള ഭൂതകാലത്ത് ജീവിക്കുമ്പോൾ കുട്ടൻ സിനിമയുടെ ഭൂരിഭാഗവും കഴിയുന്നതത്രയും നാടിന്റെ ഓർമകളിലും ഗൃഹാതുരത്വത്തിലുമാണ്..

അയാൾ ഒരുതരത്തിൽ ദാസിന്റെ മറ്റൊരു വശമാണ്.. ഇനിയും മാറുന്ന കാലത്തോട് സന്ധി ചെയ്യാൻ സാധിക്കാത്ത മനുഷ്യനാണ്.. എന്നോ പതിഞ്ഞു പോയ നാടൻ ശീലുകൾ മറന്ന് കളയാനാവാതെ ഉഴറുന്നവനാണ്.. ഒടുവിൽ ശരിയെത് തെറ്റേത് എന്ന് ഗ്രഹിക്കാനാവാതെ മാറ്റങ്ങളോട് പൊരുത്തപെടാനാവാതെ അച്ഛനായി എഴുതുന്ന കത്തിൽ സകലമാന വ്യഥകളും അയാൾ ഒരു കരച്ചില്ലെന്നോണം പുറത്തേക്ക് ഇടുന്നുണ്ട്.. ആ കത്തിനുള്ള അച്ഛന്റെ മറുപടി.. അവിടെ വച്ചാണ് അയാളെ ഞാൻ തിരിച്ചറിഞ്ഞത്..

ഭാവിയിൽ കുട്ടൻ എത്തിച്ചേരാവുന്ന ഇടം തന്നെയായിരുന്നു ഒരർത്ഥത്തിൽ അച്ഛനും ജീവിച്ചിരുന്നത്.. അയാളും മാറ്റങ്ങളോട് പൊരുത്തപെടാൻ കഴിയാത്ത മനുഷ്യനായിരുന്നു.. തുടക്കത്തിലെവിടെയോ കല്പനയുടെ കഥാപാത്രം പറയുന്നുണ്ട്.. തറവാട് വീടിന്റെ കോണിൽ ഒതുക്കി കളഞ്ഞത് ആ മനുഷ്യൻ ആണെന്ന്.. അവർ സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നിരിക്കാം.. വച്ചുണ്ടാക്കലിനപ്പുറം അവർക്ക് ജീവിതം ആസ്വദിക്കാൻ ആഗ്രഹമുണ്ടായിരുന്നിരിക്കാം.. ആ മോഹങ്ങളേ ആണ് നാടിനോടുള്ള ഇഷ്ടം എന്ന കാരണം ഒന്ന് കൊണ്ട് മാത്രം അയാൾ തടയിട്ട് കളഞ്ഞത്..

മാറ്റത്തിനോട് യോജിക്കാനാവാതെ ജീവിച്ചു തീർത്ത ജീവിതത്തിന്റെ മധ്യ വേള കഴിയുന്ന വേളയിൽ എപ്പോഴോ ആയിരിക്കണം അയാൾക് തിരിഞ്ഞ് നോക്കേണ്ടി വന്നത്..നാളെയെയും ഇന്നലെയെയും കുറിച്ചോർത്തു മറന്ന് പോയ ഇന്നിനെ പറ്റി അയാൾ ചിന്തിച്ചത്.. ജീവിതം ആസ്വദിക്കാൻ തീരുമാനിച്ചത്.. ഒടുവിൽ ശേഷിക്കുന്ന കാലം ജീവിച്ചു തീർക്കാൻ ആണ് അയാൾ പുറപ്പെട്ടു പോകുന്നത്.. മധ്യഹ്‌ന വേള കഴിഞ്ഞിട്ടും വിശാലമായ ആകാശം അയാൾ തേടിയിറങ്ങുന്നുണ്ട്..

ആ മറുപടികത്തിലെ വരികളിൽ ചുരുക്കാം അയാളുടെ ജീവിതത്തെ… “നമുക്ക് ചുറ്റും എല്ലാം മാറുന്നു.. മറയുന്നു.. പുനർജനിക്കുന്നു.. ആ മാറ്റങ്ങൾ നമ്മുടെയുള്ളിലും അലയടിക്കില്ലേ…” ആ വരികൾ തന്നെയാവാം.. തുളസിക്കതിർ ചൂടിയ ഗ്രാമീണ പെൺകൊടിയിൽ നിന്ന് ഒരു മദാമ്മ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ കുട്ടനെ പ്രാപ്തൻ ആക്കിയതും..