ഒരു പ്രത്യേക സാഹചര്യത്തിൽ അജിത്ത് അഗാർക്കറിനെ കല്യാണം കഴിക്കേണ്ടി വന്ന ഒരു യുവതിയുടെ കഥ..

0

കൂട്ടുകാരന്റെ പെങ്ങളുടെ കല്ല്യാണം കൂടാൻ പോയി, ഒടുവിൽ ആ കുട്ടിയെ കല്ല്യാണം കഴിക്കേണ്ടി വന്ന ഓമനകുട്ടന്റെ കഥ നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ ഇതേ അവസ്ഥ ഒരു പെൺകുട്ടിയ്ക്ക് ഉണ്ടായാലോ?രണ്ടായിരമാണ്ടിലെ ഡിസംബർ 14 ന്, സാക്ഷാൽ അജിത് അഗാർക്കർ കാരണം വിവാഹം കഴിക്കേണ്ടി വന്ന സന ഫാത്തിമയുടേയും അവിനാഷ് കൃഷ്ണന്റേയും ജീവിത കഥയിലേക്ക് കുറച്ചു നേരം നിങ്ങളെ കൂട്ടി കൊണ്ട് പോകാൻ ഉള്ള എളിയ ശ്രമം..

മോളെ രഞ്ജിനി,എനിക്ക് ഒരാളിനോട് ഒടുക്കത്തെ പ്രേമം.ആദ്യമൊക്കെ ആരാധന ആയിരുന്നു.പക്ഷെ ഇപ്പോൾ സംഭവം,കൈ വിട്ടു പോയോ എന്നൊരു ഡൌട്ട്.എന്റെ അറിവിൽ പുള്ളി മാരീഡ് അല്ല.പക്ഷെ ഞാൻ എങ്ങനെ അപ്രോച്ച് ചെയ്യും? എടീ പാത്തു,തേർഡ് ഇയറിലെ ജോഷിൻ ആണോ കക്ഷി ? അയ്യേ,പോടി.അവൻ ഒന്നുമല്ല, എന്റെ പുയാപ്ല അങ്ങ് മുംബയിൽ ഉള്ളതാ.എന്റെ സ്വന്തം അയിത്തേട്ടൻ. ഏത് അയിത്ത്????? “ക്രിക്കറ്റ്‌ കളിക്കാരൻ അജിത് അഗാർക്കർ” പഷ്ട്!!!

നിനക്ക് വട്ടാണോ? ആട്ടെ,നീ ആളെ നേരിട്ട് കണ്ടിട്ടുണ്ടോ? പിന്നെ കാണാണ്ട്, 1998 ലെ ഏപ്രിൽ മാസം ഒന്നാം തീയതി,കൊച്ചിയിൽ വെച്ച്. ഏപ്രിൽ ഒന്നിനോ?? അപ്പോൾ നുണ.  പോടീ, അന്നാണ് കക്ഷി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷെ അടുത്ത് കാണാൻ പറ്റിയില്ല.. സച്ചിൻ ആദ്യമായി 5 വിക്കറ്റ് നേടിയ കളി കൂടി ആയിരുന്നു അത്. അതൊക്കെ പോട്ടെ,എന്താ ഇപ്പോൾ നിനക്ക് അയ്യാളോട് പ്രേമം തോന്നാൻ കാരണം?

എനിക്ക് പുള്ളിയുടെ കണ്ണ് ഭയങ്കര ഇഷ്ടാടി “വെള്ളാരം കണ്ണുകൾ”. പിന്നെ, ഗണപതിയെ പോലെ ആന ചെവി. പിന്നെ ഒരു ചെറിയ സ്വർണ്ണ മാല ഉണ്ട് പുള്ളിയുടെ കഴുത്തിൽ. അത് ബൗളിംഗിന് വരുമ്പോൾ കിടന്ന് ആടുന്നത് കാണാൻ നല്ല ചേലാ, ഒരാന ചന്തം.. പിന്നെ വളരെ അപൂർവ്വം ആയിട്ടേ കക്ഷി ദേഷ്യപ്പെടുകയോ,അല്ലെങ്കിൽ കാണാൻ ക്യൂട്ട് ആയിട്ടുള്ള എക്സ്പ്രഷനോ ഇടോളൂ. പക്ഷെ ആ ലുക്ക്‌ ഒന്നൊന്നര ലുക്ക്‌ ആയിരിക്കും.

പോരാഞ്ഞിട്ട്, ഏറ്റവും കുറഞ്ഞ റണ്ണപ്പിൽ വന്നിട്ട് 145km സ്പീഡിൽ എറിഞ്ഞിട്ട് പോണ ആരുണ്ട് മോളെ ഈ ലോകത്ത്? ഡി രഞ്ജിനി നീ പറ. എനിക്ക് പുള്ളിയെ നിക്കാഹ് കഴിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? എന്റെ പൊന്നു പാത്തു,നിനക്ക് വട്ടാണ്. അതിന്റെ തെളിവ് ആണല്ലോ നിന്റെ നോട്ട് ബുക്ക്‌ ഫുള്ളും ആ “അൻപത് ഏക്കറിന്റെ” ഫോട്ടോ ഒട്ടിച്ച് നിറച്ചേക്കുന്നത്!!! അൻപത് ഏക്കർ അല്ല, അജിത് അഗാർക്കർ.

എന്ത് കാർ ആയാലും,ഇത് ലാസ്റ്റ് ഇയർ ആണ്. നീ ഈ ക്രിക്കറ്റ്‌ പ്രാന്തൊക്കെ ഉപേക്ഷിച്ച് പോയി പഠിക്കാൻ നോക്ക്.നിന്റെ ബാപ്പയുടെ സ്വഭാവം അറിയാലോ. കഴിഞ്ഞ തവണ നിന്നെ പെണ്ണ് കാണാൻ വന്ന പയ്യനോട് നീ എന്താ ചോദിച്ചത്? “1999 വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ആരെന്ന്”? എന്നിട്ട് അവൻ എന്താ മറുപടി പറഞ്ഞത്? ദ്രാവിഡ്‌ ആയിരുന്നു ഉത്തരം.ആ മണ്ടൻ പറഞ്ഞത് “അരവിന്ദ് സ്വാമി” എന്ന്..

അന്നേ ഉറപ്പിച്ചതാ,ഒരു കട്ട ക്രിക്കറ്റ്‌ പ്രാന്തനേയെ ഞാൻ നിക്കാഹ് കഴിക്കൂ എന്ന്.അല്ലെങ്കിൽ അജിത് അഗാർക്കറിനെ. ടീ, പാത്തു, നിന്റെ അൻപത് ഏക്കറിന്റെ ഫെയിസ് കട്ട് ഉള്ള ഒരാളിനെ എനിക്ക് നേരിട്ട് അറിയാം. എന്റെ ഒരു കൂട്ടുകാരിയുടെ ചേട്ടൻ ആണ്,പോരാഞ്ഞിട്ട് കട്ട ക്രിക്കറ്റ്‌ പ്രാന്തനും.പുള്ളിയുടെ വിവാഹം ഈ വരുന്ന ഡിസംബർ 14 ന് ആണ്.നീ എന്റെ കൂടെ വരുന്നോ? ഇല്ല, ഇല്ല അന്ന് ഇന്ത്യയുടെ മാച്ച് ഉണ്ട്. സിംബാബ്‌വെയും ആയിട്ട്. നീ വരുന്നെങ്കിൽ വാ.നമുക്ക് ട്രെയിനിൽ പോവാം, ഒത്തിരി ദൂരമുണ്ട് അങ്ങ് നീലേശ്വരത്താ വീട്. കാവ്യാ മാധവന്റെ വീടിന്റെ തൊട്ടപ്പുറത്താ അവരുടെ കുടുംബ വീട്. നമുക്ക് ഓഡിറ്റോറിയത്തിൽ നേരിട്ട് ചെല്ലാം..

നോക്കട്ടെ, ഞാൻ പറയാം. ചെക്കൻ ശരിക്കും അജിത് അഗാർക്കറിനെ പോലെയാണോ? ഫോട്ടോ ഉണ്ടോ നിന്റേൽ? എന്റെ കയ്യിൽ ഫോട്ടോ ഒന്നുമില്ല.അവൾ ഒരിക്കൽ ഒരു ആൽബത്തിൽ കാണിച്ച നേരിയ ഓർമ്മ… പക്ഷെ ലുക്ക്‌ പക്കാ, നിന്റെ അൻപത് ഏക്കറിന്റെ തന്നെയാ. ആ ചേട്ടനെ എല്ലാരും വിളിക്കുന്നതും അഗാർക്കർ എന്നാ. എങ്കിൽ ഞാനും വരുന്നു.. ശേ, ആ കല്ല്യാണ പെണ്ണിന്റെ ഭാഗ്യം. അങ്ങനെ ആ ദിവസം വന്നെത്തി. 2000,ഡിസംബർ 14. അന്നത്തെ മത്സരം ലൈവ് കാണാൻ പറ്റാത്തത് കൊണ്ട്,ഒരു ചെറിയ റേഡിയോയും പൊക്കി കൊണ്ട് പാത്തുവും രഞ്ജിനിയും നീലേശ്വരത്തേക്ക് വണ്ടി കേറി…

റേഡിയോ കമന്ററി ശരണം.. ടീ, പാത്തു നീ ആ റേഡിയോ ഒന്ന് ഓഫ്‌ ആക്കി വെക്ക്.സ്ഥലം എത്തി… ഈ ആഡിറ്റോറിയം എവിടെ ആണോ ആവോ!!! ചോദിച്ചു ചോദിച്ചു പോവാം. ടീ, നിന്നോടാ പറഞ്ഞത് റേഡിയോ ഓഫ്‌ ആക്ക്.പ്ലീസ്,ആളുകൾ നോക്കുന്നു. പോടീ,ഇന്ത്യയുടെ ബാറ്റിംഗ് ആണ്.ഏട്ടന് ബാറ്റിംഗ് കിട്ടുമെന്ന് തോന്നുന്നില്ല.ആ ഹേമംഗ് ബദാനി കൊട്ടിമുടിപ്പിക്കുന്നു. നിന്റെ ഈ നശിച്ച ക്രിക്കറ്റ്‌ പ്രാന്ത്. കുറച്ചു നേരം റേഡിയോ ഓഫ്‌ ആക്കി ഹാൻഡ് ബാഗിൽ ഇട്ഡി. രഞ്ജു, കാവ്യാ മാധവൻ ഉണ്ടാവുമോ ഇവിടെ?

ഇല്ലടി,ദോസ്ത് എന്നും പറഞ്ഞൊരു പടത്തിന്റെ ഷൂട്ടിംഗിന് പോയേക്കാ എന്നാ കേട്ടത്.. ദാ ഒരു ചേട്ടൻ വരുന്നുണ്ട്.ഞാൻ വഴി ചോദിക്കട്ടെ.. ചേട്ടാ, ഈ ദ്വാരക ഓഡിറ്റോറിയം എവിടെയാ? ദേ, നേരെ കാണുന്ന ആ പെട്രോൾ പമ്പിന്റെ ഓപ്പോസിറ്റാ.നമ്മുടെ അഗാർക്കർ അവിനാഷിന്റെ കല്ല്യാണം അല്ലേ ഇന്നവിടെ? അവന്റെ കൂടെ പഠിച്ചതാണോ? മുമ്പ് എങ്ങും രണ്ടാളേം ഇവിടെ കണ്ടിട്ടില്ലല്ലോ.. അല്ല അദ്ദേഹത്തിന്റെ അനിയത്തിയുടെ കൂട്ടുകാരാ.. Ok ചേട്ടാ, താങ്ക്സ്.. ടീ, രഞ്ജു…. എനിക്ക് ചെക്കനെ കണ്ടോളാം വയ്യടി,അത്രക്ക് മുഖഛായയോ അഗാർക്കറുമായി?

പാത്തു , നീ ഒന്ന് അടങ്ങ്. അങ്ങനെ രണ്ടാളും ഓഡിറ്റോറിയത്തിൽ എത്തി.. ചെക്കനും കൂട്ടരും എത്താൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി. പാത്തൂന്റെ നെഞ്ചിടിപ്പ് കൂടി,ഒപ്പം കല്ല്യാണപെണ്ണിനോട് അസൂയയും. അധികം വൈകാതെ ഒരു ബ്ലൂ കളർ ഹോണ്ട സിവിക്കിൽ ചെക്കനും കൂട്ടരും ദ്വാരകയിൽ എത്തി. എന്നാലും, സ്വീകരണ സമയത്തിന് ഇനിയും മിനിറ്റുകൾ ബാക്കി ഉള്ളോണ്ട് ചെക്കനും കൂട്ടരും കാറിൽ തന്നെയിരുന്നു. ഈ സമയത്ത് പാത്തു വീണ്ടും റേഡിയോ ഓൺ ആക്കി. ഇന്ത്യ 43.3 ഓവറിൽ 6 വിക്കറ്റിന് 216 റൺസ്. ഹേമംഗ് ബദാനി ഔട്ട്‌ 77(99) “അജിത് അഗാർക്കർ ഓൺ ക്രീസ്” ഇത് കേട്ട് തീരും മുമ്പേ കാർ തുറന്ന് ചെക്കനും കൂട്ടരും പുറത്തിറങ്ങി.. പാത്തു, റേഡിയോ ഓഫ്‌ ആക്കി കണ്ണും തള്ളി നോക്കി നിന്ന് പോയി!!!!

ഇന്ത്യൻ ജേഴ്സി ഊരി വെച്ചിട്ട്, സാക്ഷാൽ അജിത് അഗാർക്കർ മുണ്ടും ഷർട്ടും ധരിച്ചോണ്ട് മുന്നിൽ നിൽക്കുന്ന ഫീൽ. ഇജ്ജാതി അപരൻ. പോരാഞ്ഞിട്ട് അവിടെ നിന്ന പയ്യന്മാരൊക്കെ ഉച്ചത്തിൽ വിളിച്ചു കൂവി. “അളിയാ അഗാർക്കറെ, ഹാപ്പി മാരീഡ് ലൈഫ്” കല്ല്യാണ ചെക്കൻ ഒരു ചെറു പുഞ്ചിരിയോടുകൂടി അകത്തോട്ടു നടന്നു…. അഗാർക്കറിന്റെ അതേ ചിരി,വെള്ളാരം കണ്ണ് , മാല,നോട്ടം,വല്യ ചെവി… എന്റെ പടച്ചോനെ ഇങ്ങനേയും ഡ്യൂപ്പുകൾ ഉണ്ടാകുമോ??നമ്മുടെ കഥാനായിക പാത്തു, മൂക്കത്ത് വിരൽ വെച്ച് സ്തംഭിച്ചു നിന്നു !!!!അപ്പോഴേക്കും ചെക്കന്റെ പെങ്ങൾ വന്ന് രഞ്ജിനിയേയും പാത്തുവിനേയും കൂട്ടികൊണ്ട് പോയി അവിനാഷിനെ പരിചയപ്പെടുത്തി…

അപ്പോഴാ ഒരു കാര്യം പാത്തു ശ്രദ്ധിച്ചത്. ഇടക്ക് ഇടക്ക് ചെക്കന്റെ ഒരു കൂട്ടുകാരൻ വന്ന്,ഓന്റെ ചെവിയിൽ എന്തോ പറയുന്നുണ്ട്. അത് ക്രിക്കറ്റ്‌ സ്കോർ അപ്ഡേഷൻ ആയിരുന്നു, എന്ന് പിന്നീടാ മനസ്സിലാക്കിയത്. ഇജ്ജാതി ക്രിക്കറ്റ്‌ പ്രാന്ത്. മുഹൂർത്തം അടുത്തു… പക്ഷെ അധികം വൈകാതെ കല്ല്യാണ പന്തലിൽ ചില സംഭവ വികാസങ്ങൾ അരങ്ങേറി. കല്ല്യാണപെണ്ണ് നൈസ് ആയിട്ട് വീഡിയോ പിടിക്കാൻ വന്ന ചെക്കന്റെ കൂടെ ഒളിച്ചോടി. എന്തോ വെറൈറ്റി ഷൂട്ടിംഗ് ആണെന്ന് വെച്ച് ഇരുവരും പുറത്തിറങ്ങിയപ്പോൾ ആരും ശ്രദ്ധിച്ചതും ഇല്ലായിരുന്നു.അവർ തമ്മിൽ 8 വർഷത്തെ പ്രേമം ആയിരുന്നു. ഇതൊന്നും അറിയാതെ ആണ് പാവങ്ങളുടെ അജിത് അഗാർക്കർ ആയ നമ്മുടെ നായകനും കുടുംബക്കാരും ഈ ബന്ധത്തിൽ തല വെച്ചത് !!!

ക്യാൻസർ പേഷ്യന്റ് ആയ ചെക്കന്റെ അച്ഛൻ സ്റ്റേജിൽ കുഴഞ്ഞു വീണു.ഏതാനും ദിവസങ്ങൾ മാത്രമേ അദ്ദേഹം ഇനി ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അതിന് മുമ്പത്തെ അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു, മോന്റെ വിവാഹം കാണുക എന്നത്. എന്തായാലും പെണ്ണിന്റെ വീട്ടുകാരും ചെക്കന്റെ വീട്ടുകാരും തമ്മിൽ പൊരിഞ്ഞ വാക്ക് തർക്കമായി. എന്തിനേറെ പറയുന്നു, നമ്മുടെ പാത്തുവും പെണ്ണിന്റെ അമ്മയുടെ നേരെ കീറി കൊത്തി. “ഇങ്ങനെ ഒരു ബന്ധം മോൾക്ക് ഉണ്ടായിരുന്നു എങ്കിൽ എന്തിന് ഇത് മറച്ചു വെച്ചു”?? അതും മുഹൂർത്തത്തിന് ഇനി മിനിറ്റ് മാത്രം ബാക്കി നിൽക്കെ?നാണമില്ലേ തള്ളേ ഇങ്ങനെ ഒരു മോളെ വയറ്റിൽ ചുമന്നതിൽ

“എന്റെ പൊന്ന് മോളെ, ഈ അമ്മക്ക് ഇതൊന്നും അറിയില്ലായിരുന്നു” മിണ്ടരുത് നിങ്ങൾ…. ആ പാവപ്പെട്ട അച്ഛനെ കണ്ടോ?? ആ മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ. പാത്തുവിന്റെ ദേഷ്യം കൈ വിട്ട് പോണത് കണ്ടതും, രഞ്ജിനി മെല്ലെ ചെവിയിൽ പറഞ്ഞു. പാത്തു , നീ മിണ്ടാതിരി. നീ വേണേൽ റേഡിയോ ഓൺ ആക്കിക്കോ. അഗാർക്കർ ബാറ്റ് ചെയ്യുക അല്ലേ? മാറി നില്ലടി അങ്ങോട്ട്‌, റേഡിയോ അല്ല തേങ്ങ. രണ്ട് കൊടുക്കട്ട് ഈ തള്ളക്കും തന്തക്കും. ഒടുവിൽ സഹികെട്ട് പെണ്ണിന്റെ അച്ഛൻ പറഞ്ഞു.

“ടീ,കൊച്ചേ, പറ്റിയത് പറ്റി. ആ തല തെറിച്ചവൾ ഞങ്ങളെ എല്ലാം പറ്റിച്ചു. അതൊക്കെ പോട്ടെ, നിനക്ക് അത്രക്ക് ദണ്ണം ആണെങ്കിൽ നീ കെട്ട് അവനെ” “ആ ഞാൻ കെട്ടും”,എങ്കിൽ കെട്ട്. ആ ഞാൻ കെട്ടും”. ഒരു നിമിഷം ഓഡിറ്റോറിയം നിശബ്ദമായി. വാശി പുറത്ത് പറഞ്ഞത് ആണേലും “വേണ്ടായിരുന്നു”എന്ന ചമ്മിയ മുഖത്തിൽ പാത്തു നൈസ് ആയിട്ട് രഞ്ജുവിന്റെ പിന്നിൽ മറഞ്ഞു.. ചെക്കന്റെ അച്ഛന്റെ അവസ്ഥ കൂടി കണ്ടപ്പോൾ,സത്യം പറഞ്ഞാൽ നമ്മുടെ പാത്തുവിന് മധുരിഫിക്കേഷൻ കാരണം തുപ്പാനും കൈപ്പോളജി കാരണം ഇറക്കാനും വയ്യാത്ത ഗതി ആയി. ഒടുവിൽ രണ്ടും കൽപ്പിച്ചോണ്ട്, നിറത്തിലെ സോനയെ പോലെ ഇടുപ്പിൽ ഒരു ഷാളും കെട്ടി കല്ല്യാണം കൂടാൻ വന്ന പാത്തു പന്തലിൽ കേറി കല്ല്യാണ ചെക്കനോട് ഒറ്റ ചോദ്യം..

അജിത് അഗാർക്കറിന് എന്നെ ഇഷ്ടായോ? അച്ഛന് ഒന്നും സംഭവിക്കില്ല.തനിക്ക് എന്നെ ഇഷ്ടം ആയെങ്കിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ നമ്മുടെ കല്ല്യാണം നടക്കും. അധികം ഒന്നും പറയാൻ ഇല്ല,പറയാൻ ഒന്ന് മാത്രം. “ഞാനും ചേട്ടനെ പോലെ കട്ട ക്രിക്കറ്റ്‌ അഡിക്ട് ആണ്” ഒരു ലൈഫ് ലോങ്ങ്‌ പാർട്ണർഷിപ്പിന് സമ്മതമാണോ?ആസ്‌ട്രേലിയക്കെതിരെ തുടർച്ചയായ 7 ഡക്കിന് ശേഷം സിംഗിൾ എടുത്ത് കാണികളെ ബാറ്റ് ഉയർത്തികാണിച്ച അഗാർക്കറിനെ പോലെ അവിനാഷ് ആവേശത്തോടെ പറഞ്ഞു. “സമ്മതം” മേളം തുടങ്ങട്ടെ. ഇരുവരും പന്തലിൽ മുഖാമുഖം

അവിനാഷ് താലി എടുത്ത് തനിക്ക് നേരെ നീട്ടിയതും,ഒരു നിമിഷം പാത്തു തന്റെ ബാപ്പയെ ഓർത്തു. ഇന്നലെ വൈകുന്നേരം അഗാർക്കറിന്റെ ഫോട്ടോ പത്രത്തിൽ നിന്നും കീറി എടുത്തേന്, നെല്ലി മരത്തിൽ കെട്ടിയിട്ട് താറു മാറാ അടിച്ചതിന്റെ പാട് ഇപ്പോഴും നിതംബത്തിൽ ഉണ്ട്… ആ എക്സ്പ്രഷൻ പൂർത്തിയാക്കും മുമ്പേ. അവിനാഷ് ആവളുടെ കഴുത്തിൽ താലി കെട്ടി.. കണ്മുന്നിൽ നടക്കുന്നത് സത്യമാണോ മിഥ്യ ആണോ എന്ന് അറിയാതെ, രഞ്ജിനിയുടെ കയ്യിൽ ഇരുന്ന റേഡിയോ പോലും അറിയാതെ ഓൺ ആയി പോയി..

അവിടെ ദാ വീണ്ടും ഞെട്ടൽ. സാക്ഷാൽ അജിത് അഗാർക്കറിന് 21 ബാളിൽ ഫിഫ്റ്റി. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ, ഏകദിനത്തിലെ അർദ്ധശതകം. ഇന്ത്യൻ സ്കോർ 50 ഓവറിൽ 301/6 വിക്കറ്റ് അഗാർക്കർ 67*(25). ചെക്കന്റെ അമ്മാവൻ കെട്ടിന് ശേഷം പാത്തുനോട് ചോദിച്ചു. മോളുടെ വീട്ടിൽ കാര്യം അറിയിക്കണ്ടേ?പാത്തു, പേടിച്ചോണ്ട് മറുപടി പറഞ്ഞു, അയ്യോ ഇപ്പോൾ വേണ്ട. സിംബാബ്‌വെയുടെ ബാറ്റിംഗ് കഴിയട്ടെ.. ടെൻഷൻ മാറ്റാൻ ചെക്കനും പെണ്ണും സെക്കന്റ്‌ ബാറ്റിംഗ് ഫുള്ളും കണ്ട് തീർത്തു. ഇന്ത്യ മത്സരത്തിൽ 39 റൺസിന്‌ വിജയിച്ചു. ഇനി വീട്ടിൽ വിളിക്കാം അല്ലേ?? മ്മ്മ്മ്മ് മ്മ്മ്മ്മ്… പാത്തു തലയാട്ടി. ഹലോ, ബാപ്പാ…. ഞാൻ പാത്തു..

ബാപ്പ എന്നോട് പൊറുക്കണം, ഒരു പ്രേത്യക സാഹചര്യത്തിൽ അജിത് അഗാർക്കറിനെ പോലത്തെ ഒരു ചെക്കനെ എനിക്ക് കെട്ടേണ്ടി വന്നു…പ്ഫാ, പന്ന നാ മോളെ നീ എവിടെയാടി??? വെച്ചേക്കില്ല നിന്നെ ഞാൻ  പാത്തു ഉടൻ ഫോൺ കട്ട്‌ ആക്കി… ഈ അവസ്ഥയിലും വകയിലെ ഒരമ്മാവൻ പാത്തുനോട് കിണുങ്ങി ചോദിച്ചു. എങ്ങനെയാ മറ്റേ കാര്യങ്ങളൊക്കെ? അത് വരെ സൈലന്റ് ആയി നിന്നിരുന്ന കല്ല്യാണ ചെക്കൻ കഥയിലെ തന്റെ ആദ്യ ഗോൾ അടിച്ചു. അമ്മാവാ, സ്ത്രീധനം അല്ലേ ഉദ്ദേശിച്ചത്?? അതേ മോനെ…. അത് കിട്ടിയായിരുന്നു.. “25 പന്തിൽ 67 റൺസും,27 റൺസ് വഴങ്ങി 3 വിക്കറ്റും” കൂടെ Man of the match അവാർഡും. മിഡിൽ സ്റ്റമ്പ് തെറിച്ച ഫീലിൽ അമ്മാവൻ കലവറയിലോട്ട് നടന്നു നീങ്ങി.. പാത്തുവിന്റേയും അവിനാഷിന്റേയും ഭാവി ജീവിതം എന്തായി എന്ന് അറിയാൻ നിങ്ങളെ പോലെ തന്നെ എനിക്കും ആഗ്രഹം ഉണ്ട്. എന്നിരുന്നാലും രഞ്ജിനി പറഞ്ഞ അറിവിൽ ഒരു കാര്യം അറിയാൻ സാധിച്ചു. “20 വർഷം കഴിഞ്ഞിട്ടും നാളിതുവരെ ഒരു ഇന്ത്യക്കാരനും അന്ന് അഗാർക്കർ സ്ഥാപിച്ച വേഗത ഏറിയ ഫിഫ്റ്റിയുടെ റെക്കോർഡ് തകർക്കാൻ ആയിട്ടില്ല, ഒപ്പം പാത്തുവിന്റേയും അവിനാഷിന്റെയും ദാമ്പത്യത്തേയും ”

(NB:2002 ൽ കല്ല്യാണം കഴിച്ച സാക്ഷാൽ അജിത് അഗാർക്കറിന്റെ ഭാര്യയുടെ പേരും ഫാത്തിമ എന്ന് ആയത് തികച്ചും യാദൃശ്ചികം മാത്രം. കൂടാതെ 2006 ൽ ഇന്ത്യൻ വിപണിയിൽ വന്ന് തുടങ്ങിയ ഹോണ്ട സിവിക്കിനെ 2000 ൽ നടന്ന കഥയിൽ ലോഞ്ച് ചെയ്തതിൽ സംശയം ഒന്നും ഇല്ലല്ലോ അല്ല. ദർശരാജ്..