മമ്മൂട്ടി അഭിനയിച്ചിട്ടില്ലാത്ത ഒരു മമ്മൂട്ടി കഥാപാത്രം ഇതാണ്..

0

സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ, എന്നാൽ ശ്രദ്ധിക്കപ്പെടേണ്ടതായ രംഗങ്ങളെ ഓർത്തെടുത്ത് ചർച്ച ചെയ്യുന്ന സിനിമാ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി സ്വാധീനമുള്ള, എന്നാൽ മമ്മൂട്ടി അഭിനയിക്കാത്ത ഒരു മമ്മൂട്ടി കഥാപാത്രത്തെ പറ്റിയാണ് സെബാസ്റ്റ്യൻ സേവ്യർ എന്ന യുവാവ് കുറിക്കുന്നത്.

മമ്മൂട്ടി അഭിനയിച്ചിട്ടില്ലാത്ത ഒരു മമ്മൂട്ടി കഥാപാത്രം.. പാളയത്തിലെ ക്രിസ്റ്റി.. ജോസി വാഗമറ്റം’ മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ സൂപ്പർഹിറ്റ് നോവലായ പാളയത്തിൽ, നായകനായ നോബിളിന്റെ അച്ഛനായ ക്രിസ്റ്റിയെക്കുറിച്ചുള്ള പരാമർശങ്ങൾ കുറച്ചധികമുണ്ടായിരുന്നു സിനിമയിലുള്ളതിനെ അപേക്ഷിച്ച്.. അതുകൊണ്ടു തന്നെയാവും നോവലിലൂടെ വായനക്കാർക്ക് പരിചിതനായ, സുസൺ ഫെർണാണ്ടസിന്റെ കാമുകനായ, ക്രിസ്റ്റി എന്ന ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെ രൂപം നൽകാൻ സിനിമയുടെ അണിയറക്കാർ തീരുമാനിച്ചതും..

പാളയത്തിന്റെ സംവിധായകനായ ടി.എസ്. സുരേഷ്ബാബുവും തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫും അതിനു മുൻപ് ഒരുമിച്ച ചിത്രമായ കിഴക്കൻ പത്രോസിലെ ചില സ്റ്റോക്ക് ഷോട്ട്സ് ഉപയോഗിച്ചാണ് പാളയത്തിലെ ക്രിസ്റ്റിയെ തിരശ്ശീലയിൽ രൂപപ്പെടുത്തിയത്.. അങ്ങനെ ഏതാനും സെക്കന്റുകൾ മാത്രം നീളുന്ന ആ ഷോട്ടുകളിലൂടെ പാളയം എന്ന ചിത്രത്തിൽ ക്രിസ്റ്റി എന്ന കഥാപാത്രമായി മമ്മുട്ടിയും സാന്നിധ്യമറിയിച്ചു.. എന്തായാലും തീയേറ്ററിൽ അതൊരു സർപ്രൈസ് തന്നെയായിരുന്നു..

ഇത്തരത്തിൽ, റിലീസായ മറ്റൊരു ചിത്രത്തിന്റെ സ്റ്റോക്ക് ഷോട്ടിലൂടെ വ്യത്യസ്തമായൊരു കഥാപാത്രമായി വേറൊരു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട നടീനടന്മാരെ കമന്റിൽ ചേർക്കാം..