‘ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്’. ആങ്കറായപ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടു. തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്..

0

മലയാളത്തിലെ എക്കാലത്തെയും മികച്ച അവതാരകരിൽ പ്രധാനിയാണ് രഞ്ജിനി ഹരിദാസ്. തനതായ ഒരു അവതരണ ശൈലി എപ്പോഴും രഞ്ജിനി ഹരിദാസിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെ ആയിരുന്നു രഞ്ജിനി തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ഒട്ടനവധി ടെലിവിഷൻ പരിപാടികളിലും, സ്റ്റേജ് ഷോകളിലും, അഭിനയത്തിലും ഒക്കെ രഞ്ജിനി തിളങ്ങി. കൂടാതെ ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ കരുത്തുറ്റ ഒരു മത്സരാർത്ഥി കൂടി ആയിരുന്നു രഞ്ജിനി. ഇപ്പോഴിതാ ഫ്ലാഷ് മൂവിസിന് രഞ്ജിനി നൽകിയ ഒരു ഇന്റർവ്യൂവിലെ ചില വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് താൻ ഈ രംഗത്ത് തുടർന്നതെന്നും, പല കാര്യങ്ങളോടും കലഹിച്ചും, ചോദ്യം ചെയ്തു ഒക്കെയാണ് ഈ കാലമത്രയും മുന്നോട്ടു വന്നിട്ടുള്ളത് എന്നും രഞ്ജിനി പറയുന്നു. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘2007ലാണ് ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നിട്ടുനിൽക്കുന്ന ഒരു സമയമാണ്. ആ ചാനലിലെ തന്നെ സാഹസിക ലോകം എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാർ സിംഗറിന്റെ അവതാരക ആയപ്പോഴാണ് ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയത്. ഞാൻ ഒരു സെലിബ്രിറ്റി ആകാനുള്ള ആദ്യത്തെ കാരണവും ആ ഷോയുടെ റേഞ്ച് തന്നെയാണ്. അതിലെ രണ്ടാമത്തെ കാരണം എന്റെ ക്യാരക്ടർ തന്നെയാണ്. കാരണം അക്കാലത്ത് എന്റെ പോലത്തെ സംസാരവും, നിൽക്കുന്ന രീതിയും, കെട്ടിപ്പിടുത്തവും അങ്ങനെ തുടങ്ങിയ കാര്യങ്ങളോട് ഇവിടെയുള്ളവർ അത്ര എക്സ്പോസ്ഡ് ആയിരുന്നില്ല.

ഞാൻ ഒരു നഗരത്തിൽ വളർന്ന അതുകൊണ്ടുതന്നെ ആ രീതികളൊക്കെ എനിക്ക് ശീലമായിരുന്നു. പക്ഷേ ഇവിടുത്തെ ആളുകൾക്ക് അതൊരു കൺഫ്യൂഷൻ ആയിരുന്നു. പരിഷ്കാരികളായവർക്ക് മലയാളം ചാനലിൽ എന്താണ് കാര്യം എന്ന ചോദ്യത്തിലാണ് ആദ്യം തുടങ്ങിയത്. പക്ഷേ ആ ചോദ്യം അവിടെ നിലനിൽക്കുമ്പോഴും ആങ്കറിങ് എന്ന എന്റെ ജോലി മര്യാദയ്ക്ക് ചെയ്തതുകൊണ്ട് ആളുകൾ എന്നെ സ്വീകരിച്ചു. അതു ഞാൻ മര്യാദയ്ക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ എല്ലാം പ്രശ്നത്തിൽ ആയേനെ. ഈ രംഗത്ത് നിൽക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല, പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്.

ചെറുപ്പം മുതലേ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാൻ എതിർക്കുമായിരുന്നു. ഞങ്ങൾ ഫാഷൻ ഷോ ഒക്കെ ചെയ്യുമ്പോൾ മോഡൽസിന്റെ കൂടെ അവരുടെ അമ്മമാർ ഉണ്ടാവും. രാത്രി 12 മണി വരെ ഒക്കെയാവും ഷോ. എല്ലാവരും അതുവരെ വിശന്നിരിക്കുക ആവും. പരിപാടി നടത്തുന്നവർ ആകട്ടെ, മോഡൽസിന് മാത്രമേ ഭക്ഷണം കരുതുകയുള്ളു. ബാക്കിയുള്ളവർ പട്ടിണി കിടക്കണം. അതൊക്കെ ഞാൻ ഒരുപാട് എതിർത്തിരുന്നു. അതുപോലെതന്നെ ആങ്കറിങ്ങ് പോകുമ്പോൾ ഒരു പേപ്പർ തന്നിട്ട് തുടങ്ങിക്കോ എന്നു പറയും. കുടിക്കാൻ വെള്ളം തരില്ല, ഇരിക്കാൻ കസേര തരില്ല. ഞാൻ ഏറ്റവും കൂടുതൽ വഴക്ക് ഉണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണെന്ന് രഞ്ജിനി തുറന്നു പറയുന്നു. പക്ഷേ ഇപ്പോൾ അതിലൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിർബന്ധമുണ്ട് എന്നും രഞ്ജിനി പറഞ്ഞു.