പ്രണയത്തിൽ ഇവിടെയാണ് നമുക്ക് തെറ്റുപറ്റുന്നത്. ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ പെട്ടന്നൊരു ദിവസം നമ്മുടെ ശത്രുക്കളായി മാറുന്നത് ഇതുകൊണ്ടാണ്..

0

ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ പെട്ടന്നൊരു ദിവസം എങ്ങനെ ആണ് ശത്രുക്കളായി മാറുന്നത്. അത്രയും കാലം നൽകിയ സ്നേഹവും കരുതലും വാത്സല്യവുമെല്ലാം പെട്ടന്നൊരു ദിവസം എവിടേക്കാണ് ഓടി ഒളിക്കുന്നത്. എല്ലാ പ്രണയങ്ങളും തുടങ്ങുന്നത് ജീവിത കാലം മുഴുവൻ കൂടെയുണ്ടാകുമെന്ന നാം പോലും അറിയാതെ ഒരിക്കൽ കള്ളങ്ങളായി മാറുന്ന ഉറപ്പിൽ നിന്നുമാണ്.

നേരം പുലർന്നിട്ടും സംസാരിച്ചു കൊതിതീരാത്ത വിശേഷങ്ങളും ചേർന്നു നടക്കുമ്പോൾ ഹൃദയത്തിൽ ഉണ്ടാകുന്ന മരവിപ്പിക്കുന്ന തണുപ്പും രണ്ടു പേർക്ക് മാത്രം മനസ്സിലാവുന്ന നോട്ടവും പ്രണയത്തിനു മാത്രം സമ്മാനിക്കാവുന്ന പുഞ്ചിരിയും മറ്റൊരാൾക്കും കടന്നു വരാൻ കഴിയാത്ത പോൽ വേലികെട്ടി സൂക്ഷിച്ച നിമിഷങ്ങളും എല്ലാം പെട്ടന്നൊരു ദിവസം ഇല്ലാതാകുന്നു. പ്രണയം നഷ്ടമായെന്നു പറഞ്ഞു ഒരാൾ പടിയിറങ്ങുമ്പോൾ ഞാൻ ഇപ്പോഴാണ്‌ പ്രണയിച്ചു തുടങ്ങിയതെന്ന പാഴ്‌വാക്കുമായി തിരസ്കാരത്തിന്റെ വേദനയുടെ ഭാരവുമായി മറ്റൊരാൾ പകപോക്കലിനിറങ്ങുന്നു.

രണ്ടുപേർ പ്രണയത്തിലാവുന്നതും അവസാനിക്കുന്നതും മാത്രമേ മറ്റുള്ളവർ അറിയുന്നുള്ളൂ അതിനിടയിൽ എന്തു സംഭവിക്കുന്നു എന്ന ഉത്തരം പലപ്പോഴും പ്രണയത്തിലായവർക്ക് പോലും വ്യക്തമായിരികില്ല. ഒരുപക്ഷേ നല്ല സൗഹൃദമാവേണ്ടിയിരുന്ന സ്നേഹത്തെ അടുപ്പത്തെ പ്രണയമെന്ന് തെറ്റിദ്ധരിച്ചിടത്താകാം അവർക്ക് പിഴവ് സംഭവിച്ചത് അത് തിരിച്ചറിയുമ്പോഴേക്കും പുറത്തു വരാൻ സാധിക്കാത്ത തരത്തിൽ ഒരാൾ പ്രണയ നാടകത്തിൽ അകപ്പെട്ടു കാണും.

പ്രണയത്തിനും അപ്പുറം സൗഹൃദവും കരുതലും വാത്സല്യവുമെല്ലാം ഒരാളിൽ തന്നെ കാണുന്നത് കൊണ്ടാകാം ചിലപ്പോൾ അവരിറങ്ങി പോകുമ്പോൾ സ്നേഹത്തിന്റെ തുരുത്തുകളില്ലാതെ കനത്ത ഇരുട്ടിൽ ചിലർ ഒറ്റക്കാകുന്നത്.

ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ഒരാൾ നിങ്ങൾക്ക് സമ്മാനിച്ചു എന്നിരിക്കട്ടെ എങ്കിലും ആത്മാർത്ഥമായി നിങ്ങൾ അവരെ സ്നേഹിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് അവരെ വെറുക്കാൻ സാധിക്കുമോ ? പ്രണയത്തിന്റെ നിമിഷങ്ങളെ നിങ്ങൾ ഒരിക്കലും തിരികെ ആഗ്രഹിക്കുന്നുണ്ടാവില്ല പക്ഷെ അവരെ നശിപ്പിക്കാൻ നിങ്ങൾക്ക് തോന്നുന്നു എങ്കിൽ നിങ്ങൾ അവരെ പ്രണയിച്ചിരുന്നില്ല എന്നതാണ് സത്യം.

പ്രണയത്തിന് മുൻപും അവർ തമ്മിൽ സംസാരിച്ചിരുന്നു ഇഷ്ടപ്പെട്ടിരുന്നു എന്തും തുറന്നു പറയാനുള്ള ഒരു സൗഹൃദം ഉണ്ടായിരുന്നു പ്രണയം നഷ്ടമാകുമ്പോൾ ശെരിക്കും അവിടെ ഇല്ലാതാകേണ്ടതും അത് മാത്രമല്ലേ? . നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഇവിടെ അവസാനിപ്പിക്കുന്നു എന്നു പറയുന്നതിന് തമ്മിൽ ഉണ്ടായിരുന്ന നല്ല സൗഹൃദം ഇനിയും തുടരണമെന്ന് മാറ്റി പറയാൻ നമുക്ക് കഴിയാതെ പോകുന്നതെന്താണ് ?