കുടുംബപ്രേക്ഷകരുടെ പ്രിയ താരം ‘ചന്ദനമഴ’യിലൂടെയും കറുത്തമുത്തി’ലൂടെയുമൊക്കെ മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞുനിന്ന മുഖമായിരുന്നു ശരണ്യ ശശി. താരപ്രഭയില്‍ തിളങ്ങിനില്ക്കുമ്പോള് രംഗബോധമില്ലാതെ കടന്നെത്തിയതായിരുന്നു ക്യാൻസർ.

ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നു. കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്നതാണ് ഈ വിഡിയോ പ്രേക്ഷകർക്കു നൽകുന്ന ആശ്വാസം. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാനും തുടങ്ങി.
ശരണ്യയ്ക്കൊപ്പം അമ്മ ഗീതയും ഉണ്ട്. എല്ലാവരുടെയും പ്രാർഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു. ‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.

കഴിഞ്ഞ ഏതാനും വർഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു.

ചില സമയങ്ങളിൽ പാടെ അവശയാകും. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ പലപ്പോഴും നഷ്ടമാകും. ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളർച്ചയില്ലാതെന്ന് ശരണ്യയുടെ അമ്മ പറയുന്നു.