വാസന്തി ക്ക് അവാർഡ് നൽകിയത് നിയമാവലികൾ കാറ്റിൽപറത്തി ; സംസ്ഥാന ചലച്ചിത്ര അവാർഡിനെതിരെ ഗുരുതര ആരോപണം

0

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അപാകതയെന്ന് ആരോപണം. സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ വാസന്തി ചിത്രത്തിന്റേത് അവലംബിത തിരക്കഥയാണെന്നാണ് കണ്ടെത്തല്‍. നിയമാവലിയെ കാറ്റില്‍ പറത്തിയാണ് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിര്‍ണയത്തിന് ചിത്രത്തെ ഉള്‍പ്പെടുത്തിയതെന്നാണ് ആക്ഷേപം.

വാസന്തി എന്ന ചിത്രത്തിന് മികച്ച സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്‌കാരം നല്‍കിയതിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇന്ദിരാ പാര്‍ത്ഥ സാരഥി രചിച്ച പ്രശസ്ത തമിഴ് നാടകമായ പോര്‍വൈ പോര്‍ത്തിയ ഉടല്‍കളില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണ് വാസന്തിയുടെ തിരക്കഥ രചിച്ചതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ റഹ്മാന്‍ ബ്രദേഴ്‌സ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ചലച്ചിത്ര അക്കാദമി നിയമാവലി അനുസരിച്ച്‌ ചിത്രം സംബന്ധിച്ച്‌ നിര്‍മ്മാതാക്കള്‍ തന്നെ സത്യവാങ്മൂലം നല്‍കേണ്ടതാണ്. ഇതിന് മേല്‍ സൂക്ഷ്മ പരിശോധന നടത്തേണ്ട ഉത്തരവാദിത്തം സംവിധായകന്‍ കമല്‍ ചെയര്‍മാനായ ചലച്ചിത്ര അക്കാദമിയ്ക്കാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അനാസ്ഥ ഉണ്ടായതായാണ് ആരോപണം ഉയരുന്നത്.

പോര്‍വൈ പോര്‍ത്തിയ ഉടല്‍കളില്‍ കേരളീയ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് വാസന്തിയെന്നാണ് ആരോപണം. നാടകത്തിലെ നായികയുടെ പേരാണ് വാസന്തി. ഈ പേര് തന്നെയാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നതും. മറ്റൊരു കൃതിയെ ഉപജീവിച്ച്‌ രചിക്കുന്ന തിരക്കഥയെ സ്വതന്ത്ര തിരക്കഥയായി പരിഗണിക്കാനാകില്ലെന്നിരിക്കെ റഹ്മാന്‍ ബ്രദേഴ്‌സിന് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നല്‍കിയത് വഴി ചലച്ചിത്ര അക്കാദമിക്കെതിരെ പുതിയ വിവാദങ്ങള്‍ ഉയരുകയാണ്.