ഒന്നാം വിവാഹ വാർഷികത്തിലെ ‘സസ്പെൻസ്’ ക്യാൻസർ!! പൊരുതി ജയിച്ച സേതുലക്ഷ്മിയുടെ വിജയ കഥ. 

0

ഒന്നാം വിവാഹ വാർഷികത്തിലെ ‘സസ്പെൻസ്’ ക്യാൻസർ!! പൊരുതി ജയിച്ച സേതുലക്ഷ്മിയുടെ വിജയ കഥ.. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ സേതുലക്ഷ്മിയും ഭർത്താവ് പ്രവീണും തിരുവനന്തപുരം റീജണൽ ക്യാൻസർ (ആർ.സി.സി) സെന്ററിൽ ബയോപ്‌സി റിസൽട്ടിനായുള്ള കാത്തിരുപ്പിലായിരുന്നു. സസ്‌പെൻസും സമ്മാനങ്ങളുമായി പലരും ആഘോഷിച്ച് തീർക്കാറുള്ള ആ സുന്ദരദിനത്തിൽ അവരെയും കാത്ത് ഒരു വലിയ സസ്‌പെൻസ് ഉണ്ടായിരുന്നു. അങ്ങനെയായിരിക്കരുതേ എന്ന് ആവർത്തിച്ച് പ്രാർത്ഥിച്ച് കാത്തിരുന്നെങ്കിലും അന്നേ ദിവസം കാലം കാത്തുവെച്ച സസ്‌പെൻസ് ക്യാൻസറിന്റെ രൂപത്തിലായിരുന്നു.

ബയോപ്‌സി റിസൾട്ട് പോസറ്റിവാണ്. ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്നയിനം ക്യാൻസർ. പൾമനോളജി വിഭാഗത്തിലെ പരിശോധനകൾക്ക് ശേഷം ഓങ്കോളജി വിഭാഗത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരിക്കേ കണ്ണുനീരുകൊണ്ട് പുഞ്ചിരിച്ച് ഇരുവരും ചേർന്ന് ചുറ്റുമുണ്ടായിരുന്നവർക്ക് വിവാഹ വാർഷികത്തിന്റെ മധുരം പങ്കുവെച്ചു. അന്ന് കണ്ണുനീരിനൊപ്പം പങ്കുവെച്ചതിനേക്കാൾ മധുരം രണ്ടു വർഷത്തിനിപ്പുറം ക്യാൻസറിനെ തോൽപ്പിച്ച് ക്രിസ്മസ് കേക്കിന്റെ രൂപത്തിൽ പുഞ്ചിരിയോടെ പങ്കുവെയ്ക്കുകയാണ് സേതുലക്ഷമി എന്ന അധ്യാപിക…

കട്ടപ്പന സ്വരാജിന് സമീപം പറമ്പുങ്കൽ സേതുലക്ഷമി വെള്ളയാംകുടി സരസ്വതി സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായിരിക്കേ 2019 ലായിരുന്നു വിവാഹം. ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗത്തിൽ അബുദാബിയിൽ ജോലി ചെയ്തിരുന്ന ഏറ്റുമാനൂർ സ്വദേശി പ്രവീണാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പ്രവീൺ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി പോയിരുന്നു. നാലു മാസത്തിനുള്ളിൽ സേതുവും ഭർത്താവിനൊപ്പം വിദേശത്തെത്തി. ഇവിടെയൊരു കമ്പനിയിൽ ഇന്റർവ്യുവൊക്കൊ കഴിഞ്ഞിരിക്കേ ഒരു ദിവസം തോള് വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചു. ” എക്‌സറേയിൽ ശ്വാസകോശത്തിന് താഴെ ചെറിയൊരു മുഴ കാണുന്നുണ്ട്, ചിലപ്പോൾ ക്യാൻസറാകാം ”. ചികിത്സ വേണമെങ്കിൽ ഇവിടെ തുടരാം അല്ലങ്കിൽ നാട്ടിലാണങ്കിൽ അങ്ങനെ ”. പരിശോധനകൾക്ക് ശേഷം ഡോക്ടർ വെട്ടിത്തുറന്നു പറഞ്ഞു..

അപ്രതീക്ഷിതമായെത്തിയ ഡോക്ടറുടെ വാക്കുകളിൽ ഇരുവരും നടുങ്ങി വിറച്ചു. എന്തായാലും രണ്ടു മൂന്നു ആശുപത്രികൾ കൂടെ പരിശോധിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രതീക്ഷകൾക്ക് കൂടുതൽ പ്രവഹരമേൽപ്പിച്ച് അവിടെയും ഡോക്ടർമാരുടെ സംശയം മറിച്ചായിരുന്നില്ല. ക്യാൻസറാവാനുള്ള സാധ്യതയുണ്ട്, വേഗത്തിൽ കൂടുതൽ പരിശോധനകളും ചികിത്സയും ആരംഭിക്കണം. എല്ലാവരുടെയും നിർദേശം ഇതായിരുന്നു. അപ്രതീക്ഷിതമായെത്തിയ തിരിച്ചടിയിൽ ജീവിതം ഒരു നിമിഷം കൊണ്ട് എന്തുചെയ്യണമെന്നറിയാതത്ര ഇരുട്ടിലായി. കല്യാണം കഴിഞ്ഞ് നാലുമാസമേ ആയുള്ളു. ഒരു മാസത്തിനുള്ളിൽ മടങ്ങി പോയ ഭർത്താവ് പ്രവീണിനെ പിന്നീട് കാണുന്നത് തന്നെ ഇപ്പോഴാണ്. ഇനിയെന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയില്ല, താൻ കാരണം ഭർത്താവിന്റെ ജീവിതവും തകർന്നതായി തോന്നി, ഒടുവിൽ സേതു ഭർത്താവ് പ്രവീണിനോട് പറഞ്ഞു.

നമ്മൾ കല്യാണം കഴിഞ്ഞ് ഇത്രനാളെ ആയുള്ളു, ” എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളു, എനിക്കോ വീട്ടുക്കാർക്കോ യാതൊരു പരിഭവവുമുണ്ടാകില്ല ”. ” എന്ത് തീരുമാനം, ഇപ്പം എനിക്കായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു. അതുകൊണ്ട് വേഗം ചികിത്സ തുടങ്ങുന്നതിന് വേഗം നാട്ടിലേയ്ക്ക് പോകുന്നതിനുള്ള കാര്യങ്ങൾ ചെയ്യാം. പ്രവീണിന്റെ മറുപടി ഇതായിരുന്നുവെന്ന് പറയുമ്പോൾ ഇപ്പോഴും സ്‌നേഹത്താൽ സേതുവിന്റെ കണ്ണുകൾ നിറയും..

ഏറ്റുമാനൂരിൽ ഭർത്താവിന്റെ വീട്ടിലേയ്ക്കാണ് ചികിത്സയ്ക്കായി മടങ്ങി വരുന്നത്. കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ക്യാൻസർ ബാധിതയാണെന്ന സംശയത്തിൽ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയെത്തുമ്പോൾ വലിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ അവിടെ കാത്തിരുന്നത് പേടിച്ചതൊന്നും ആയിരുന്നില്ല, വലിയ സ്‌നേഹത്തോടെ അവർ സ്വീകരിക്കുകയും വേണ്ട പിന്തുണകളെല്ലാം നൽകുകയും ചെയ്തു. നാട്ടിലെത്തി പരിശോധനകളും ടെസ്റ്റുകളുമെല്ലാം ആരംഭിച്ചു. അതിനിടെ പലവിധ ശാരീരിക പ്രതിസന്ധികളും ഉടലെടുത്തു. ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെ ഭർത്താവ് പ്രവീണും നാട്ടിൽ മടങ്ങിയെത്തി. വൈകാതെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലേയ്ക്ക് തിരിച്ചു..

ഡോ. ശ്രീജീത്തിന്റെ കീഴിലായിരുന്നു ചികിത്സ. അദ്ദേഹത്തെ കാണുന്നതിനായി ക്യാബിന് മുന്നിൽ കാത്തിരിക്കേ ചുറ്റും മുടികൊഴിഞ്ഞവർ, മൊട്ടയടിച്ചവർ എന്നിങ്ങനെ പലരേയും കണ്ടു. തനിക്കും വൈകാതെ ഇങ്ങനെയാകുമല്ലോ എന്ന ചിന്തിച്ച് പുറത്ത് കാത്തിരുന്നു. ഇനിയൊരു മടങ്ങിപോക്ക് ഇല്ലന്നു വരെ ചിന്തിച്ചു കൂട്ടി. പക്ഷേ ഡോക്ടറെ നേരിൽ കണ്ടപ്പോൾ ആശങ്കകൾ പകുതി മാറി. റിസൾട്ടുകളെല്ലാം പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു. ” ഇതൊന്നും പേടിക്കണ്ട, നമുക്കൊരു ആറ് മാസം കഴിഞ്ഞ് സ്‌കൂളിൽ പഠിപ്പിനൊക്കൊ പോകാം. അത്രയ്ക്കുള്ള കാര്യവേ ഉള്ളു. കുറച്ചു കീമോയും റേഡിയേഷനുമൊക്കൊ ചെയ്യണം. കുറച്ചു പ്രയാസങ്ങളൊക്കൊ ഉണ്ടാവും. അ കാലഘട്ടമൊക്കൊ കഴിയുമ്പോൾ എല്ലാം ശരിയാകും ”’. ഇനി ഇവിടെ നിന്നൊരു മടങ്ങി പോക്ക് പോലും ഉണ്ടാവില്ലന്ന് കരുതിയിരുന്ന തന്നോട് ആറു മാസത്തിന് ശേഷം പഴയ പോലെ പഠിപ്പിക്കാൻ പോകാമെന്ന ഡോക്ടറുടെ വാക്ക് വലിയൊരു പ്രതീക്ഷയാണ് പകർന്നതെന്ന് സേതു ഇന്നും ഓർത്തെടുക്കുന്നു…

ജൂലൈ 23 ആദ്യ കീമോ ആരംഭിച്ചു. വലിയ തോതിൽ മുടി കൊഴിഞ്ഞു തുടങ്ങി. തല തോർത്തുമ്പോൾ പൂർണമായും ഇളകി പോരുന്ന അവസ്ഥ. പുരികവും കൺപീലിയും പോലും പൊഴിഞ്ഞു തുടങ്ങി. വല്ലാത്ത മാനസിക സമ്മർദ്ധവും വേദനകളും കൊണ്ട് പൊള്ളുന്ന ജീവിതം മെല്ലെ മുന്നോട്ട് നീങ്ങി. മുടി കൊഴിച്ചിൽ ശക്തമായതോടെ തല മൊട്ടയടിക്കാൻ തീരുമാനിച്ചു. അങ്ങനെ കീമോ തുടരുന്നതിനിടെ തല മുണ്ഠനം ചെയ്തു. കൈവെള്ള പൊള്ളിയും കറുത്തും ഉണങ്ങി

വരണ്ടു. വായും നാക്കുമെല്ലാം പൊള്ളി ഒന്നിനും രുചിയില്ലാതായി. ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയും സുബോധം പോലും നഷ്ടപ്പെട്ട കീമോ ദുരിതങ്ങളുടെ നാളുകൾ പിടിമുറുക്കി. ആശുപത്രി കിടക്കയിൽ തുരുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന പലരുടെയും മരണങ്ങൾ മുഖാമുഖം കണ്ട് മനസ് മരവിച്ചു. ഒരു ദിവസം ഏഴ് മരണങ്ങൾ വരെ കാണേണ്ടി വന്ന ദിവസങ്ങൾ ഉള്ളതായി സേതു ഓർത്തെടുക്കുന്നു. അങ്ങനെ ഒരു വർഷത്തോളം ആർ.സി.സിയിൽ ചികിത്സ തുടർന്നു. ഈ സമയം ആശുപത്രിക്ക് അടുത്ത് വീടെടുത്ത് ചികിത്സ തുടർന്നു. ഇതിനുള്ളിൽ ചെറുതും വലുതുമായ എട്ട് കോഴ്‌സുകളുടെ 48 ഓളം കീമോകൾ പൂർത്തിയാക്കി. അതിനൊപ്പം റേഡിയേഷനുകളും.

 

രണ്ടു വർഷത്തോളം പൊരുതിയ വേദനകളുടെ കൊടുമുടികൾ കീഴടക്കി സേതുലക്ഷമി ഇപ്പോൾ ക്യാൻസറിനെ തോൽപ്പിച്ചിരിക്കുകയാണ്. പൂർണമായും രോഗസംബന്ധമായ മാറി കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. ഇനി ഓരോ ഇടവേളകളിൽ തുടരേണ്ട പരിശോധനകൾ മാത്രം മതിയാകും. ഈ വലിയ വേദനകൾക്കും വെല്ലുവിളികൾക്കുമിടയിലും എൽ.പി.എസ്.എ പരീക്ഷയിൽ മികച്ച റാങ്കിലെത്തി അധ്യാപക നീയമനം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സേതു. അധ്യാപനം തുടരാനുള്ള ആരോഗ്യം നേരത്തെ കൈവന്നിരുന്നുവെങ്കിലും കോവിഡ് കാലമായതിനാൽ ജോലിക്ക് പോയിരുന്നില്ല. അങ്ങനെയിരിക്കേയാണ് കേക്ക് നിർമാണം ആരംഭിച്ചത്. ആദ്യമൊക്കൊ വെറുതെ നേരം പോക്കിന് ഉണ്ടാക്കി തുടങ്ങിയതാണെങ്കിലും കഴിച്ചവർ നല്ല അഭിപ്രായം പറഞ്ഞതോടെ കൂടുതൽ ഉണ്ടാക്കാൻ തുടങ്ങി. ക്രിസ്മസ് കാലമായതോടെ ഓർഡറുകൾ കൂടുതലായെത്തി തുടങ്ങിയതോടെ ഇപ്പോൾ സജീവമായ കേക്ക് നിർമാണത്തിലാണ്. പ്ലം, കാരറ്റ്, ബ്ലാക്ക് ഫോറസ്റ്റ് എന്നുവേണ്ട ആവശ്യം അനുസരിച്ച് എല്ലാം വിഭാഗം കേക്കുകളുടെയും നിർമാണമുണ്ട് ഇപ്പോൾ..

 

വലിയ വെല്ലുവിളികൾക്കും കഠിനവേദനകൾക്കും ഒടുവിൽ അസാധ്യമെന്ന് കരുതിയ ജീവിതം പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സേതുലക്ഷമി. അച്ചൻ തങ്കപ്പൻ അമ്മ സരസമ്മ ഭർത്താവ് പ്രവീൺ ചേച്ചി ജ്യോതിലക്ഷമി എന്നിങ്ങനെ ഏറെ പ്രിയപ്പെട്ട ഒരുപാട് പേരുടെ ചേർത്തുപിടിക്കലുകളാണ് തന്റെ ഈ പുതുജീവിതത്തിന്റെ പിന്നിലെന്ന് സേതു ഓർത്തെടുക്കുന്നു. അടുത്ത അസുഹൃത്തുകളിൽ പലരും വേദനകളുടെ കാലത്ത് തന്നെ മറന്നത് ശരീരത്തിന്റെ വേദനയേക്കാൾ വേദനിപ്പിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ മറ്റു ചിലരുടെ സ്‌നേഹം അതിന് പകരമായെത്തിയതിനാൽ അതെല്ലാം മറിക്കടക്കാനായി. ഒരു വലിയ അസുഖം തനിക്ക് വന്നെങ്കിലും അതുപോലെ വലിയൊരു സംരക്ഷണം തന്നെ പൊതിഞ്ഞുണ്ടായിരുന്നതാണ് എല്ലാം മറികടക്കാനായതെന്നും സേതുലക്ഷമി പറയുന്നു. എത്രയും വേഗം അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്ന നാളുകളാണ് സേതുവിന്റെ സ്വപ്നം..