ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ സംഘ പുത്രി തന്നെ. തുറന്നടിച്ച് നടി ലക്ഷ്മി പ്രിയ..

0

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് നടി ലക്ഷ്മി പ്രിയ. 2005 ൽ മോഹൻലാൽ നായകനായ നരൻ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിപ്രിയ അഭിനയരംഗത്തേക്ക് വരുന്നത്. തുടർന്ന് താരം 180 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മികച്ച എഴുത്തുകാരി എന്ന നിലയിലും ലക്ഷ്മി പ്രിയ തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാത്തരം നിലപാടുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മിപ്രിയ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചില കുറിപ്പുകൾ ആണ്. ഇലക്ഷൻ റിസൾട്ട് വന്നതോടെ കേരളത്തിൽ ബിജെപി എന്ന പ്രസ്ഥാനത്തിന് ഒരൊറ്റ സീറ്റു പോലും ലഭിച്ചിരുന്നില്ല. അതിനെ തുടർന്നാണ് ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കേരളത്തിൽ ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും തന്റെ ജീവിതാവസാനം വരെ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് നടി തുറന്നു പറയുന്നു. എന്നും താൻ ഒരു സംഘപുത്രി ആയിരിക്കുമെന്നും നടി പറയുന്നു. ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ് കാണാം.

എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ “ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ “? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ‘ കണ്ടെടുക്കുകയും ചെയ്തു.

അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.’
അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു..

പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്. നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. അവസാനം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും.

ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും. എന്ന്, ലക്ഷ്മി പ്രിയ ഒപ്പ്.